ഡൽഹി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് പിന്തുടരുന്നതെന്നും പ്രധാനമന്ത്രിയുടെ നുണകള്‍ രാജ്യത്തെ ജനങ്ങള്‍ പതുക്കെ തിരിച്ചറിയുകയാണെന്നും എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദിവസേന പ്രതിപക്ഷം തന്നെ അധിക്ഷേപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികരണവുമായി എഐസിസി പ്രസിഡന്‍റ് രംഗത്തെത്തിയത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, 1964 മെയ് 27-ന് മരിക്കുന്നതുവരെ 16 വർഷം താമസിച്ചിരുന്ന തീൻ മൂർത്തി ഭവനിൽ പ്രഭാഷണം സംഘടിപ്പിക്കാൻ പോലും കേന്ദ്ര സർക്കാർ കോൺഗ്രസിനെ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഈ സർക്കാർ ജനാധിപത്യ വിരുദ്ധമാണ്. നമ്മുടെ വീക്ഷണങ്ങൾ കേൾക്കുന്നതോ അംഗീകരിക്കുന്നതോ മാറ്റിവെക്കുക, നമ്മുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാൻ പോലും അവർ ഇടം നൽകുന്നില്ല. അവർ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ അതിന്‍റെ തത്വങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എന്നാല്‍ ജനങ്ങള്‍ ഇപ്പോള്‍ ബോധവാന്മാരായെന്നും അവര്‍ സത്യം അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. 2014 ന് മുമ്പ് ഇവിടെ ജനാധിപത്യം ഇല്ലായിരുന്നോ? യുവാക്കള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.




































