gnn24x7

ചന്ദ്രയാൻ ദൗത്യത്തിൽ പങ്കെടുത്ത ദമ്പതികൾക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ ആദരവ്

0
309
gnn24x7

പാലാ: ചന്ദ്രയാൻ 3 ദൗത്യത്തിൽ പ്രവർത്തിച്ച ഐഎസ്ആർഒ ശാസ്ത്രഞ്ജരും കുമ്മണ്ണൂർ സ്വദേശികളുമായ ടി.ആർ. ഹരിദാസ് – ആനന്ദവല്ലി എസ്. ദമ്പതികൾക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ ഹൃദ്യമായ ആദരവ്. ലോകത്തിനു തന്നെ അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കു വഹിക്കാൻ സാധിച്ച ഇവരുടെ പ്രവർത്തനം പുതു തലമുറയ്ക്ക് ഏറെ പ്രചോദനം പകരുന്നതിനൊപ്പം തന്നെ പാലാ നിവാസികൾക്കും അഭിമാനിക്കാവുന്നതാണെന്ന് അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇരുവരെയും പൊന്നാടയും ഫലകവും  നൽകി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു.
ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനു ശേഷം ആദ്യമായാണ്  ടി.ആർ. ഹരിദാസും, ഭാര്യ ആനന്ദവല്ലിയും നാട്ടിലെത്തിയത്. കുമ്മണ്ണൂർ താമരശേരിയിൽ കുടുംബാഗമായ ടി.ആർ.ഹരിദാസ് ചന്ദ്രയാന് നാവിഗേഷൻ സിസ്റ്റം നിർമിച്ചു നൽകിയ ഐഎസ്ആർഒയുടെ വട്ടിയൂർക്കാവ് യൂണിറ്റിലെ ഡപ്യൂട്ടി ഡയറക്ടറാണ്. ഭാര്യ ആനന്ദവല്ലി ചന്ദ്രയാന് നാവിഗേഷൻ സോഫ്റ്റ് വെയർ നിർമിച്ചു നൽകിയ ഐഎസ്ആർഒയുടെ സിസ്റ്റം യൂണിറ്റിലെ ഗ്രൂപ്പ് ഡയറക്ടറാണ്. രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ പദ്ധതിയായിരുന്നു ചന്ദ്രയാൻ 3 എന്ന്  ടി.ആർ. ഹരിദാസ് പറഞ്ഞു.
ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ജോസഫ് കണിയോടിക്കൽ, ഓർത്തോപീഡിക്സ്  വിഭാഗം സീനിയർ കൺസൾറ്റന്റുമാരായ ഡോ.ഒ.ടി.ജോർജ് , ഡോ. രാജീവ് പി.ബി എന്നിവർ പ്രസംഗിച്ചു.
ആശുപത്രി  ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു എന്നിവർ പങ്കെടുത്തു.

ചന്ദ്രയാൻ – 2 യഥാർഥത്തിൽ വിജയം ആയിരുന്നുവെന്നും ഇതിൽ നിന്നു ലഭിച്ച വിവരങ്ങളാണ് ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ പ്രചോദനമായതെന്നും ഐഎസ്ആർഒ വട്ടിയൂർക്കാവ് യൂണിറ്റ് ഡപ്യൂട്ടി ഡയറക്ടർ ടി.ആർ.ഹരിദാസ് പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ നൽകിയ സ്വീകരണത്തിൽ  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രയാൻ 2 ന് ലാൻഡ് ചെയ്യാൻ പറ്റിയില്ല എന്നത് മാത്രമാണ് സംഭവിച്ചത്. പക്ഷേ ചന്ദ്രയാൻ 2 ന്റെ സാറ്റലൈറ്റ് ഇപ്പോഴും ഉണ്ട്. ഇതിൽ നിന്നു ചന്ദ്രയാൻ 3 ന് ആവശ്യമായ നിർണായക വിവരങ്ങൾ ലഭിച്ചതായും ടി. ആർ. ഹരിദാസ് പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7