റിയാദ്: ഏഴ് വർഷത്തെ അകൽച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിൽ പരസ്പരം സന്ദർശനത്തിന് ക്ഷണിച്ച് സൗദി അറേബ്യയുടെയും ഇറാന്റെയും ഭരണാധിപന്മാർ. ചൈനീസ് മധ്യസ്ഥതയിൽ ബെയ്‌ജിങ്ങിൽ ഇത് സംബന്ധിച്ച കരാർ ഒപ്പുവെച്ച് ഏറെ വൈകാതെ തന്നെ സൽമാൻ രാജാവ് ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്സിയെ റിയാദിലേക്ക് ക്ഷണിച്ചിരുന്നു. ഇത് സ്വാഗതം ചെയ്ത ഇറാൻ പ്രസിഡൻറ് സൽമാൻ രാജാവിനെ ഔദ്യോഗിക സന്ദർശനത്തിന് തെഹ്റാനിലേക്ക് ക്ഷണിച്ചതായി നയതന്ത്ര വക്താവ് നാസർ കൻആനിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റ് റെയ്സിക്ക് അയച്ച കത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിനെ സ്വാഗതം ചെയ്ത സൗദി രാജാവ് അദ്ദേഹത്തെ റിയാദിലേക്ക് ക്ഷണിച്ചിരുന്നു. ഇത് സ്വാഗതം ചെയ്ത പ്രസിഡന്റ് സൽമാൻ രാജാവിനെ തെഹ്‌റാൻ സന്ദർശനത്തിന് ക്ഷണിച്ചതായി ഇറാനിയൻ പ്രസിഡന്റിന്റെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷീദിയും സ്ഥിരീകരിച്ചിട്ടുണ്ട്.
സന്ദർശനങ്ങൾ എപ്പോഴാണ് നടക്കുക എന്ന് പറയാനാവില്ലെന്ന് സൂചിപ്പിച്ച കൻആനി ഇരുരാഷ്ട്ര നേതൃത്വങ്ങളുടെയും സന്ദർശനങ്ങളും ആശയവിനിമയങ്ങളും തത്കാലം വിദേശകാര്യ മന്ത്രാലയ തലത്തിൽ നടക്കുമെന്ന് തെഹ്റാനിൽ നടന്ന വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. നയതന്ത്ര ബന്ധം അവസാനിക്കുന്നതിന് മുമ്പ് ഒപ്പിട്ട രണ്ട് സമഗ്ര കരാറുകൾ പ്രാവർത്തികമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ