ഡൽഹി: സാരിയുടുത്തതിന്റെ പേരിൽ സൗത്ത് ഡൽഹിയിലെ മാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട സ്ത്രീയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അൻസാൽ പ്ലാസയിലെ റെസ്റ്റോ ബാറിൽ സാരി ധരിച്ചെത്തിയ അനിതൗ ചാധരി എന്ന മാധ്യമപ്രവർത്തകയാണ് വീഡിയോയിലുള്ളത്. സ്മാർട്ട് കാഷ്വൽ ഡ്രസ് കോഡിൽ അനിതയുടെ വസ്ത്രം പെടില്ലെന്നു കാണിച്ചാണ് മാൾ അധികൃതർ അനുമതി നിഷേധിച്ചത്.
സാരി ഒരു സ്മാർട്ട് ഔട്ട്ഫിറ്റ് അല്ലാത്ത റെസ്റ്ററന്റ് ഡൽഹിയിലുണ്ട് എന്നു പറഞ്ഞാണ് അനിത വീഡിയോ പങ്കുവച്ചത്. ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും ഹൃദയഭേദകമായ അവഗണനയാണ് ഇതെന്നും അനിത പറയുന്നു. മാളിലെ ജീവനക്കാരോട് അനിത വാക്കേറ്റത്തിൽ ഏർപ്പെടുന്നതും വീഡിയോയിലുണ്ട്.
https://www.facebook.com/anita.choudaary.3154/posts/10226269053901656
പിന്നാലെ വിഷയം സംബന്ധിച്ച് അനിത തന്റെ യൂട്യൂബ് ചാനലിൽ മറ്റൊരു വീഡിയോ പങ്കുവെക്കുകയും ചെയ്തു. താൻ വിവാഹിതയായത് സാരിയിലാണെന്നും തന്നെ സാരി ധരിച്ചു കാണാനാണ് കുടുംബവും താനും ഇഷ്ടപ്പെടുന്നതെന്നും അനിത പറഞ്ഞു. സാരിയാണ് ഏറ്റവും എലഗന്റ് ആയ ഫാഷനബിളായ സുന്ദരമായ വസ്ത്രമെന്നും അവർ പറയുന്നു. തുടർന്ന് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ഡൽഹി മുഖ്യമന്ത്രി, ഡൽഹി പോലീസ്, ദേശീയ വനിതാ കമ്മീഷൻ തുടങ്ങിയവരോട് എന്താണ് സ്മാർട് ഔട്ട്ഫിറ്റിന്റെ നിർവചനമെന്നു ചോദിക്കുന്ന അനിത അതറിഞ്ഞാൽ സാരിയുടുക്കുന്നത് അവസാനിപിക്കാമെന്നും പറയുന്നുണ്ട്.