സൗദി: വിസ കാലാവധി നീട്ടുന്നതിനു സൗദി ആഭ്യന്തരമന്ത്രാലയം അവസരം നൽകിയെങ്കിലും സാമ്പത്തികപ്രതിസന്ധിമൂലം ഭൂരിഭാഗംപേർക്കും നാട്ടിൽനിന്നുകൊണ്ട് വിസ പുതുക്കാനായിട്ടില്ല. സൗദിയുടെ തൊഴിൽ നിയമപരിഷ്കാരമാണ് ഇത്തരക്കാർക്ക് വലിയ തിരിച്ചടിയായത്.
താമസരേഖയായ ഇഖാമ പുതുക്കാൻ മുൻപ് 600 റിയാലിൽ (12,000 രൂപ) താഴെ മതിയായിരുന്നു. മൂന്നുവർഷം മുൻപുനടപ്പാക്കിയ തൊഴിൽ നിയമപരിഷ്കാരം പ്രവാസികൾക്കു കനത്തപ്രഹരമായി. ഒരു വർഷത്തേക്കു ഇഖാമ പുതുക്കാൻ പാസ്പോർട്ട് അതോറിറ്റിക്ക് 650 സൗദി റിയാൽ (12,867 രൂപ) നൽകണം. കൂടാതെ തൊഴിൽമന്ത്രാലയത്തിൽ 9,593 റിയാൽ (1,90,004 രൂപ) ലെവിയും അടയ്ക്കണം. ഇതോടെ ഇഖാമ പുതുക്കാനുള്ള ആകെച്ചെലവ് രണ്ടു ലക്ഷമായി ഉയർന്നു. ഇതിനെല്ലാം പുറമെ അവധിക്കാലത്തിനും ലെവി നൽകണം. ഏറ്റവും കുറഞ്ഞതു രണ്ടുമാസത്തേക്ക് 200 റിയാലാണ് (3,961രൂപ). പിന്നീടുള്ള ഓരോ മാസത്തിനും 100 റിയാൽ (1,980രൂപ) വീതവും നൽകണം.
മാലിദ്വീപ്, ഖത്തർവഴി യാത്രയ്ക്ക് അവസരം തുറന്നുകിട്ടിയെങ്കിലും ഭാരിച്ച ചെലവു തടസ്സമാവുന്നു. ഖത്തറിലും മാലിദ്വീപിലും ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയണം. ത്രീസ്റ്റാർ ഹോട്ടലുകളിലെ ക്വാറന്റീൻ ഉൾപ്പെടെ രണ്ടരലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.







































