gnn24x7

കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കിലെ ഇരട്ടത്താപ്പിന്റെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ശശി തരൂർ

0
530
gnn24x7

കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കിലെ ഇരട്ടത്താപ്പിന്റെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഓരോ സംസ്ഥാനങ്ങളും പുറത്തുവിട്ട കോവിഡ് മരണങ്ങളുടെ എണ്ണത്തിലും കോവിഡ് മരണവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്ന നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകളുടെ എണ്ണത്തിലുമുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് തരൂർ വിമർശനം ഉന്നയിച്ചത്.

ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ഔദ്യോഗിക കണക്കുപ്രകാരം കോവിഡ് ബാധിച്ച് മരിച്ചത് 10,094 പേർ മാത്രമാണ്. എന്നാൽ, കോവിഡ് മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനായി ഗുജറാത്തിൽനിന്ന് ലഭിച്ചത് 70,000 അപേക്ഷകളാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.

‘ഇന്ന് ലോക്സഭയിലെ ചോദ്യോത്തര വേളയിൽ, കോവിഡുമായി ബന്ധപ്പെട്ട ഐസിഎംആർ പഠനങ്ങൾ ചർച്ച ചെയ്തു. പക്ഷേ, കോവിഡ് ബാധിച്ച് മരിച്ചതായി ഓരോ സംസ്ഥാനങ്ങളും അംഗീകരിച്ച എണ്ണവും നഷ്ടപരിഹാരത്തിനായി ലഭിച്ച അപേക്ഷകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ആരും ഉന്നയിച്ചു കണ്ടില്ല. ഉദാഹരണത്തിന് ഗുജറാത്ത് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചത് 10,094 പേരാണ്. പക്ഷേ, അവിടെ നഷ്ടപരിഹാരത്തിനായുള്ള 68,370 അപേക്ഷകളാണ് സർക്കാർ പാസാക്കിയത്. ഇതിലേതാണ് സത്യം? – #IssuesIWantedtoRaise എന്ന ഹാഷ്ടാഗ് സഹിതം തരൂർ ട്വിറ്ററിൽ കുറിച്ചു.

കോവിഡ് മഹാമാരിയെ ഒരു ‘ദുരന്ത’മായി അംഗീകരിച്ച സാഹചര്യത്തിൽ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് കഴിഞ്ഞ വർഷം സുപ്രീംകോടതി വിധിച്ചിരുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദേശം പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ആർടിപിസിആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവർ 30 ദിവസത്തിനകം ആശുപത്രിയിൽവച്ചോ പുറത്തോ മരിച്ചാൽ അവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു കോടതിവിധി. ഇതിനു പിന്നാലെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതം കേന്ദ്രസർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here