ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പഠനം പാതിവഴി ഉപേക്ഷിച്ച് യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ രാജ്യത്ത് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ (എഐസിടിഇ) നിര്‍ദേശം. ഇന്ത്യയില്‍ വിദ്യാഭ്യാസം തുടരാന്‍ സൗകര്യം ഒരുക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്‌നില്‍നിന്ന് ഇരുപതിനായിരത്തോളം എംബിബിഎസ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് നാട്ടിലേക്കു മടങ്ങിയത്. ഇവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് എഐസിടിഇ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചത്.
യുക്രെയ്‌നിലെ വിവിധ സര്‍വകലാശാലകളില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്ന എംബിബിഎസ്, വിദ്യാര്‍ഥികള്‍ കടുത്ത നിരാശയിലാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ ഭാവി തുലാസിലായ സാഹചര്യത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ ഇവര്‍ക്കു പ്രവേശനം നല്‍കുന്ന കാര്യം പരിഗണിക്കണമെന്നാണ് എഐസിടിഇ നിര്‍ദേശിച്ചിരിക്കുന്നത്.

































