gnn24x7

ബിഷപ്പിന്റെ പ്രസ്താവനയെ ഇസ്ലാമോഫോബിയ ഇളക്കിവിടാനുള്ള അവസരമാക്കി; വിമര്‍ശനവുമായി പ്രകാശ് കാരാട്ട്

0
293
gnn24x7

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരേ വിമര്‍ശനവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബിജെപി ബിഷപ്പിന്റെ പ്രസ്താവനയെ മികച്ച അവസരമാക്കി മാറ്റിയെന്നും കത്തോലിക്കാ സഭ ബിജെപി-യുടെയും ആര്‍എസ്എസിന്റെയും യഥാര്‍ഥ സ്വഭാവം മനസ്സിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയും ആര്‍എസ്എസും യോജിപ്പോടെയുള്ള സഹവര്‍ത്തിത്വത്തിലും ഇടപെടലുകളിലും വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കത്തോലിക്കാ സഭയുടെ ഭാഗമായ സിറോ മലബാര്‍ സഭയുടെ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തെ കാണേണ്ടത്. ജിഹാദികള്‍ അമുസ്ലിങ്ങളെ നശിപ്പിക്കാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന ബിഷപിന്റെ ആരോപണം സ്വാഭാവികമായും കേരളസമൂഹത്തില്‍ ആശങ്കയും സംശയവും ഉളവാക്കിയിട്ടുണ്ടെന്നും കാരാട്ട് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തില്‍ പറയുന്നു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലെ കേരളത്തിലും മയക്കുമരുന്ന് മാഫിയകളും അവരുടെ കണ്ണികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഏതെങ്കിലും തീവ്രവാദ മതസംഘടനകള്‍ക്കുമേല്‍ ഇത് ചുമത്തുന്നത് തികച്ചും തെറ്റാണ്. അത്തരത്തിലൊരു ബന്ധത്തിന് തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വര്‍ഗീയവും ഭിന്നിപ്പിക്കുന്നതുമായ ശക്തികളെ ചെറുക്കാനും മതസൗഹാര്‍ദം സംരക്ഷിക്കുന്നതിനുമുള്ള പ്രധാന കടമ നിറവേറ്റേണ്ടത് ഇടതുപക്ഷവും ജനാധിപത്യശക്തികളുമാണെന്നും ഇതിനായി സിപിഎം മുന്നിട്ടിറങ്ങുമെന്നും കാരാട്ട് വ്യക്തമാക്കി.

gnn24x7