കാബുള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ട്യൂഷൻ സെന്‍ററിലുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി ഉയർന്നു. 46 പെൺകുട്ടികളും സ്ത്രീകളുമാണ് ചാവേർ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റു. ശാഹിദ് മസ്റായി റോഡിലെ പുലെ സുഖ്ത പ്രദേശത്താണ് അഫ്ഗാനെ ഞെട്ടിച്ച സ്ഫോടനമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ 46 പെൺകുട്ടികളും സ്ത്രീകളുമാണെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. 83 പേർക്കാണ് പരിക്കേറ്റതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നൂറോളം വിദ്യാർഥികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വിഷയത്തിൽ താലിബാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ അപലപിച്ചു.