തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ചടങ്ങായ കാല്‍ കഴുകിച്ചൂട്ടിന്റെ പേര് സമാരാധന എന്നാക്കിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. കാൽകഴുകിച്ചൂട്ട നെതിരായ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.
ദേവസ്വം ബോർഡിനോ സർക്കാരിനോ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാൽകഴുകിച്ചൂട്ട് വിവാദമായതോടെയാണ് ദേവസ്വം ബോർഡ് ചടങ്ങിന് പേര് മാറ്റിയത്. ചടങ്ങിന്റെ ഭാഗമായി ഭക്തരെ കൊണ്ട് കാൽകഴുകിക്കുന്നു എന്നായിരുന്നു വാർത്തകൾ. എന്നാൽ ഭക്തരെ കൊണ്ട് കാൽകഴുകിക്കുന്നിലെന്നും തന്ത്രിയാണ് ചടങ്ങ് നിർവഹിക്കുന്നത് എന്നും ദേവസ്വം ബോർഡ് ഹൈക്കോടതി അറിയിച്ചിരുന്നു.
തുടർന്നാണ് കേസ് തീർപ്പാക്കിയത്. വസ്തുതാവിരുദ്ധമായ വാർത്തകൾ നൽകുന്നതിനെ ഉത്തരവിൽ കോടതി വിമർശിക്കുകയും ചെയ്തു. ജസ്റ്റിസുമറായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.





































