മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്രസര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.
ഇത് സംബന്ധിച്ച് ത്രിപുര ഹൈക്കോടതിയിലെ തുടര്‍ നടപടികള്‍ സുപ്രിംകോടതി മരവിപ്പിക്കുകയും ചെയ്തു.
മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും നല്‍കുന്ന സുരക്ഷ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ നിയമ നടപടികളും ഉടന്‍ അവസാനിപ്പിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു.
ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. അംബാനി കുടുംബത്തിന്റെ സുരക്ഷയില്‍ ഹരജിക്കാരനായ ബികാഷ് സാഹക്ക് എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു.
മുംബൈയില്‍ നല്‍കുന്ന സുരക്ഷയില്‍ ത്രിപുര ഹൈക്കോടതി കേസെടുത്തതിലെ ഔചിത്യവും സുപ്രീംകോടതി ചോദ്യം ചെയ്തു. രാജ്യത്തെ അഞ്ച് ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ആളുമാണ് മുകേഷ് അംബാനി. ഇനിയും ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.





































