ഡൽഹി : സാമ്പത്തിക സംവരണ വിധിയിൽ പുനഃപരിശോധന ഹർജി നൽകാനൊരുങ്ങി തമിഴ്നാട് സർക്കാർ. സംവരണം തുടരണോ എന്ന് പരിശോധിക്കണമെന്ന സുപ്രീം കോടതി നീരീക്ഷണങ്ങൾ ചോദ്യം ചെയ്യാൻ കോടതിയിൽ ഹർജി നൽകിയ പിന്നാക്ക വിഭാഗ സംഘടനകളും തീരുമാനിച്ചു. മുന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം നൽകിയ ഭരണഘടന ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ വലിയ പ്രതിഷേധമാണ് പിന്നാക്ക വിഭാഗ സംഘടനകളിൽ നിന്ന് ഉയരുന്നത്.
കേസിൽ കക്ഷിയായിരുന്ന തമിഴ്നാട്, വിധി പരിശോധിക്കാൻ സർവകക്ഷിയോഗം വിളിച്ചു. പുനഃപരിശോധനയുടെ സാധ്യത തേടാനാണ് യോഗം. നേരത്തെ സമസ്ത അടക്കമുള്ള മുസ്സിം സംഘടനകളും വിധിയിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ഭേദഗതി സുപ്രീം കോടതി ശരിവെച്ചെങ്കിലും വിധി പ്രസ്താവത്തിൽ ബെഞ്ചിൽ നിന്ന് ഉയർന്ന നീരീക്ഷണങ്ങൾ ഭാവിയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.





































