ശ്രീനഗര്‍: ഒരു വര്‍ഷം മുന്‍പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം പിതാവും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ നിരന്തര തിരച്ചിലിനൊടുവിൽ കണ്ടെത്തി. വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മകന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ആ മൃതദേഹാവശിഷ്ടങ്ങള്‍.
ഷോപിയാനിലെ ബല്‍പോറയില്‍ സൈന്യത്തില്‍ റൈഫിള്‍മാനായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് 24 വയസ്സുകാരന്‍ മന്‍സൂര്‍ അഹമ്മദ് വഗായിയുടെ മകന്‍ ഷാക്കിര്‍ മന്‍സൂറിനെ കാണാതാവുന്നത്. ഓഗസ്റ്റ് രണ്ടിന് ഈദ് ദിനത്തില്‍ വീട്ടിലെ ഭക്ഷണത്തിനുശേഷം ജോലിസ്ഥലത്തേക്ക് തിരിച്ചുപോയ ഷാക്കിര്‍ ക്യാംപിലെത്തിയില്ലെന്ന വാര്‍ത്തയാണ് ആദ്യം വന്നത്. അന്നേ ദിവസം രാത്രി ഷാക്കിറിന്റെ കാര്‍ കത്തിച്ചുനശിപ്പിച്ച നിലയില്‍ വീട്ടില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള കുല്‍ഗാമില്‍ നിന്ന് കണ്ടെത്തി. അതോടെ ഷാക്കിറിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹവും ഉയര്‍ന്നു. അടുത്ത മൂന്ന് ദിവസത്തിനുശേഷം വീടിന് മൂന്ന് കിലോമീറ്റര്‍ ദൂരെ ഷാക്കിറിന്റെ വസ്ത്രങ്ങള്‍ കണ്ടെടുത്തു. കട്ടപിടിച്ച ചോരയും ചെളിയും വസ്ത്രത്തില്‍ പുരണ്ടിരുന്നു. തിരച്ചിലുകള്‍ തുടര്‍ന്നെങ്കിലും ഷാക്കിറിനെ കണ്ടെത്താനായില്ല. കഴിഞ്ഞ പിതാനാല് മാസമായി ഷാക്കിറിനു വേണ്ടിയുള്ള ഊര്‍ജിതമായ തിരച്ചില്‍ തുടരുന്നതിനിടെയാണ് സെപ്തംബര്‍ 22ന് കുല്‍ഗാമിലെ മൊഹമ്മദ്‌പോറയില്‍ നിന്ന് അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായുള്ള വിവരം പിതാവിന് ലഭിച്ചത്. അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഏലസ്സ്, ധരിച്ച വസ്ത്രത്തിന്റെ ബാക്കി, അടയാളം എന്നിവയില്‍ നിന്ന് മൃതദേഹം ഷാക്കിര്‍ മന്‍സൂര്‍ ആണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം ഷക്കീറിന്റേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി പോലീസ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഒരുവര്‍ഷത്തിലേറെയായി താനും കുടുംബവും അനുഭവിക്കുന്ന മാനസികപ്രശ്‌നങ്ങള്‍ക്കും അപമാനത്തിനുമുള്ള അവസാനം കൂടിയാണ് ഇപ്പോഴുണ്ടായതെന്ന് പിതാവ് മന്‍സൂര്‍ ദി ക്വിന്റിനോട് പ്രതികരിച്ചു. മകനെ കാണാത്തത് സംബന്ധിച്ച് പരാതികളും അപേക്ഷകളും നല്‍കാനായി പലതവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിരുന്നു ഞങ്ങള്‍. എന്നാല്‍ പല ഉദ്യോഗസ്ഥരും മകനെ കാണാതായതില്‍ സംശയം പ്രകടിപ്പിച്ചു. മകന്‍ തീവ്രവാദികള്‍ക്കൊപ്പം പോയിരിക്കാം എന്നാണ് ചിലര്‍ സംശയിച്ചത്. ഭീകരര്‍ക്കൊപ്പം ചേരാനായി ഉണ്ടാക്കിയ നാടകം ആണെന്നായിരുന്നു മറ്റ് ചിലരുടെ സംശയം. സംശയങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുന്നു. എന്റെ മകന്‍ രാജ്യത്തിന് വേണ്ടിയാണ് ജീവന്‍ വെടിഞ്ഞത്. പക്ഷേ എനിക്ക് തിരിച്ചുകിട്ടിയത് അപമാനവും വേട്ടയാടലും മാത്രമാണ്.
”അവന്റെ ശരീരം ഉപേക്ഷിച്ച ആളുകള്‍ എന്റെ ശത്രുക്കളല്ല. രാജ്യത്തിനുവേണ്ടി സ്വന്തം ജീവന്‍ ത്യജിച്ച മകന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്തവര്‍ക്ക് മുന്നിലേക്ക് മകന്റെ ശരീരത്തെ അവര്‍ വിട്ടുതന്നു. ഇനി ഈ സമൂഹം എന്റെ മകനെ തീവ്രവാദിയെന്ന് വിളിക്കില്ല” എന്ന് മന്‍സൂര്‍ പറഞ്ഞു.
കടപ്പാട് -ദി ക്വിന്റ്