gnn24x7

ലോക രോഗി സുരക്ഷ ദിനം; മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ബോധവൽക്കരണ പ്രദർശന പരിപാടിയും പേഷ്യന്റ് ആൻഡ് ഫാമിലി അഡ്വൈസറി കൗൺസിലിന്റെ പ്രവർത്തനവും ആരംഭിച്ചു

0
588
gnn24x7

പാലാ : ലോക രോഗി സുരക്ഷ ദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ആശുപത്രിയിലെ 11 വകുപ്പുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ബോധവൽക്കരണ പ്രദർശന പരിപാടിയും പേഷ്യന്റ് ആൻഡ് ഫാമിലി അഡ്വൈസറി കൗൺസിലിന്റെ പ്രവർത്തനവും ആരംഭിച്ചു.

അത്യാഹിത വിഭാഗം, ഐസിയു, ശസ്ത്രക്രിയ തീയറ്റർ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു രോഗി സുരക്ഷ ഒരുക്കുന്നതിന്റെ അറിവ് പ്രദർശനത്തിലൂടെ പകർന്നു നൽകി. കൂടാതെ മരുന്നുകൾ കൈകാര്യം ചെയ്യൽ, ലബോറട്ടി വിഭാഗം, ഡയാലിസിസ്, പീഡിയാട്രിക്സ് വിഭാഗം, ആശുപത്രിയുടെ സുരക്ഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ, ശുചിത്വ പരിപാലനം, ഉപകരണങ്ങളുടെ അണുവിമുക്തമാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളെ കുറിച്ചും അറിവ് പകർന്നു നൽകി.

ലോകാരോഗ്യ സംഘടന ഉയർത്തുന്ന രോഗി സുരക്ഷയ്ക്കായി  രോഗികളുടെ ആവശ്യങ്ങൾ അടുത്തറിയുക എന്ന പ്രമേയവും  രോഗികൾക്കായി ശബ്ദം ഉയർത്തുക എന്ന മുദ്രാവാക്യവുമായാണ് ആശുപത്രിയിൽ പേഷ്യന്റ് ആൻഡ് ഫാമിലി അഡ്വൈസറി കൗൺസിൽ രൂപീകരിച്ചത്. രോഗികളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അനുഭവങ്ങളും നിർദേശങ്ങളും  സ്വീകരിക്കുകയും ഇതനുസരിച്ചു  ഗുണനിലവാരമുള്ള രോഗി പരിചരണം ഉറപ്പാക്കാനും കൗൺസിലിലൂടെ ലക്ഷ്യമിടുന്നതെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.

കൗൺസിലിന്റെ പ്രവർത്തനവും, ബോധവൽക്കരണ പ്രദർശനവും കോട്ടയം ജില്ല മെഡിക്കൽ ഓഫിസർ ഡോ.എൻ. പ്രിയ ഉദ്ഘാടനം ചെയ്തു. കെ.പി.എച്ച്.എ പ്രസിഡന്റ് അഡ്വ. ഷേബ ജേക്കബ്, ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ഓപ്പറേഷൻസ് എ.ജി.എം. ഡോ. രശ്മി നായർ എന്നിവർ പ്രസംഗിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7