ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് നിങ്ങൾ KYC പ്രകാരം ബാങ്കിൽ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ നിലവിൽ നിങ്ങളുടെ കൈയ്യിൽ ഉപയോഗത്തിലുള്ളത് തന്നെയാണോ എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടുയമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗത്തിലില്ലെങ്കിൽ ബാങ്കിൽ കിടക്കുന്ന പണം തട്ടിപ്പുകാർക്ക് ലഭിക്കും.
ഇത്തരത്തിൽ കൊല്ലത്ത് വീട്ടമ്മയുടെ കയ്യിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ പൊലീസ് പിടികൂടി. പെരുമ്പാവൂർ കാഞ്ഞിരക്കാട് സ്വദേശി ഷാനവാസിനെയാണ് കൊല്ലം സൈബർസെൽ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ ഉപയോഗമില്ലാത്ത ഫോൺ നമ്പർ റദ്ദായപ്പോൾ ഇതേ നമ്പർ പിന്നീട് പ്രതിയ്ക്ക് ലഭിച്ചതാണ് തട്ടിപ്പിന് വഴിയൊരുക്കിയത്. കൊല്ലം സ്വദേശിയായ ശോഭനകുമാരിയുടെ 816000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ശോഭനകുമാരിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ നമ്പരാണ് വില്ലനായത്.
ശോഭനകുമാരി 2019ൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയപ്പോൾ ബാങ്കിൽ KYC പ്രകാരം നൽകിയ മൊബൈൽ നമ്പർ നാല് വർഷം ഉപയോഗിക്കാതെയായപ്പോൾ കമ്പനി ഈ സിം റദ്ദാക്കി. എന്നാൽ ഇതേ നമ്പർ പിന്നീട് ലഭിച്ചത് പ്രതിയായ ഷാനവാസിനാണ്. അവസരം മുതലാക്കിയ പ്രതി നെറ്റ് ബാങ്കിങ് വഴി പണം തട്ടിയെടുക്കുകയായിരുന്നു.
ബാങ്കിൻറെ നടപടിക്രമങ്ങൾ അനുസരിച്ച് ഇത്തരത്തിൽ നമ്പർ ഉപയോഗിക്കാതെയാകുമ്പോഴോ മറ്റൊരു നമ്പറിലേയ്ക്ക് മാറുമ്പോഴോ അക്കൗണ്ട് ഉടമ നേരിട്ടെത്തി ബാങ്കിൽ വിവരമറിയിക്കുകയും പുതിയ നമ്പർ നൽകുകയുമാണ് ചെയ്യേണ്ടത്.




































