കൊവിഡ് കാലത്ത് ദുബായില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണം വർധിച്ചുവരികയാണ്. ദുബായ് പോലീസ് കഴിഞ്ഞ വർഷം 25,000 ഇ-ക്രൈം റിപ്പോർട്ടുകളാണ് രജിസ്റ്റർ ചെയ്തത്.
2018 ൽ ഇ-ക്രൈം പ്ലാറ്റ്ഫോം സ്ഥാപിതമായതു മുതൽ ഓരോ വർഷവും റിപ്പോർട്ടുകൾ വർദ്ധിക്കുന്നുണ്ടെന്നും 2020 ൽ ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ ഉള്ളതായും ദുബായ് പോലീസിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ സയീദ് അൽ ഹജ്രി പറഞ്ഞു.
അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് ദുബായ് പോലിസിന്‍റെ സൈബര്‍ വിഭാഗം ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ഇമെയിലുകളും മൊബൈല്‍ സന്ദേശങ്ങളും വഴി ആളുകളില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കുകയാണ് ഇവർ ചെയ്യുന്നത്. കൂടാതെ ആളുകളെ ചതിയില്‍ പെടുത്തിയുള്ള ഫിഷിംഗ് തട്ടിപ്പുകളും വൈറസുകള്‍ ഉപയോഗിച്ചുള്ള ഹാക്കിംഗ് തട്ടിപ്പും നടക്കുന്നുണ്ട്.
2018ല്‍ ദുബായില്‍ ഇ-ക്രൈം പ്ലാറ്റ്‌ഫോം ആരംഭിച്ചതിന് ശേഷം ആദ്യ വര്‍ഷം 3000 സൈബർ കേസുകളും 2019ല്‍ 14000 കേസുകളും 2020ല്‍ 25,000 കേസുകളുമായി ഉയർന്നു.