റിയാദ്: അനധികൃതമായി വിദേശത്തേക്ക് പണം കൈമാറിയ കേസിൽ ഒമ്പത് പ്രവാസികൾസൗദിയിൽ അറസ്റ്റിലായി. റിയാദ് പൊലീസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. സൗദി പ്രസ് ഏജൻസിയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദി സ്വദേശികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തിഗത ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറ്റം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായവരിൽ മൂന്ന് സിറിയക്കാരും മൂന്ന് ഈജിപ്ഷ്യൻ പൗരന്മാരും ഓരോ പാകിസ്ഥാൻ, യെമൻ, തുർക്കി സ്വദേശികളും ഉൾപ്പെടുന്നു. മുപ്പതിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരാണിവർ.
ഇവരുടെ പക്കൽ നിന്ന് 1 മില്യൺ റിയാൽ(1,95,30,366.77 രൂപ) പിടിച്ചെടുത്തിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ ആരോപണങ്ങൾ ഇവർ അംഗീകരിച്ചു. ഇതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിരിക്കുകയാണ്.
ഓഗസ്റ്റിൽ 500 മില്യൺ റിയാൽ(9,74,17,44,600 രൂപ) അനധികൃതമായി വിദേശത്തേക്ക് കൈമാറ്റം ചെയ്യാൻ ശ്രമിച്ച സംഘത്തെ സൗദിയിൽ നിന്ന് പിടികൂടിയിരുന്നു.







































