അബുദാബി: കണ്ണൂർ പിണറായി സ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. സുഹൃത്തുക്കളായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ബനിയാസ് പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്.
ഇവർ യാത്ര ചെയ്ത കാറിൽ മറ്റൊരു കാർ വന്നിടിച്ചു, നിയന്ത്രണം വിട്ട കാർ ഡിവൈഡറിലെ പോസ്‌റ്റിൽ ഇടിക്കുകയാണുണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. മൃതദേഹം കാറിൽ കുടുങ്ങിയ നിലയിലായിരുന്നു.
റഫിനീദ് ബനിയാസില്‍ ഓഫീസ് ബോയ് ആയും റാഷിദ് സെയില്‍സ്മാനായും ജോലി ചെയ്തുവരികയിരുന്നു.വെവ്വേറെ സ്ഥലങ്ങളിൽ താമസിക്കുന്ന ഇവർ വാരാന്ത്യങ്ങളില്‍ കാണാറുണ്ടായിരുന്നു. ഷഹാമ സെൻട്രൽ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്‌ച നാട്ടിലേക്ക് കൊണ്ട് പോകുമെന്നാണ് റിപ്പോർട്ട്.







































