അബുദാബി: അറബ് ലോകത്തിൽ സ്ത്രീകൾക്ക് ഏറ്റവും നല്ല രാജ്യമേതെന്ന് ചോദിച്ചാൽ ഇനി ഒരു ഒറ്റ ഉത്തരമേയുള്ളൂ, അത് സൗദി അറേബ്യ എന്നാണ്. അതേസമയം, ലോകത്തിൽ 89 ആം സ്ഥാനത്താണ് സൗദി അറേബ്യ. സിഇഒ വേൾഡ് മാഗസിൻ ആണ് ഈ കണക്ക് പുറത്തുവിട്ടത്.
അറബ് ലോകത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ഒമാൻ ആഗോളതലത്തിൽ 91 ആം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തെത്തിയ ജോർദാൻ ആഗോളതലത്തിൽ 96 ആം സ്ഥാനത്തുമാണ്. മറ്റ് അറബ് രാജ്യങ്ങൾ അറബ് ലോകത്തും ആഗോളതലത്തിലും താഴെ കാണുന്ന വിധത്തിലാണ് നേട്ടമുണ്ടാക്കിയത്. യുഎഇ (4 ; 100), ഖത്തർ (5; 107), കുവൈറ്റ് (6; 111), ലിബിയ (7; 117), ഈജിപ്ത് (8; 124), ബഹ്റിൻ (9; 128).
അതേസമയം, ലോകത്തിൽ സ്ത്രീകൾക്ക് ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത് സ്വീഡൻ ആണ്. ഡെൻമാർക്, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ആദ്യപത്തിലെ എട്ടു രാജ്യങ്ങളും യൂറോപ്പിൽ നിന്നാണ്. നോർവേയാണ് നാലാം സ്ഥാനത്ത്. ഫിൻലാൻഡ് (6), സ്വിറ്റ്സർലൻഡ് (7), ഫ്രാൻസ് (9), ജർമനി (10) എന്നിങ്ങനെയാണ് യൂറോപ്പിൽ നിന്നുള്ള മറ്റ് രാജ്യങ്ങൾ പട്ടികയിൽ ഇടം കണ്ടെത്തിയത്. കാനഡ (5) ന്യൂസീലാൻഡ് (8) എന്നീ രാജ്യങ്ങളും ആദ്യപത്തിൽ ഇടം നേടിയിട്ടുണ്ട്.
ലക്സംബർഗ് പതിനൊന്നാം സ്ഥാനത്തും ഓസ്ട്രിയ പന്ത്രണ്ടാം സ്ഥാനത്തുമാണ്. ഇറ്റലി, സ്പയിൻ എന്നീ രാജ്യങ്ങൾ യഥാക്രമം 13, 14 സ്ഥാനങ്ങളിലാണ്. ജപ്പാൻ, ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളാണ് 15, 16, 17 സ്ഥാനങ്ങളിൽ.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും വിവേചനവും ആഗോളതലത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് അത് തീവ്രതയിലും സ്വഭാവത്തിലും വ്യത്യസ്തമാണ്. അതേസമയം, സ്ത്രീകൾക്ക് 100 ശതമാനം സുരക്ഷിതത്വവും ഉറപ്പു നൽകുന്ന ഒരു രാജ്യവും ലോകത്തിലില്ല. എന്നാൽ, തുല്യാവകാശത്തിലും സാമൂഹിക ഉൾപ്പെടുത്തലിലും സുരക്ഷിതത്വബോധത്തിലും ചില രാജ്യങ്ങൾ മറ്റ് രാജ്യങ്ങളേക്കാൾ മികച്ചതാണ്. ലോകമെമ്പാടുമുള്ള ഏകദേശം 256,700 സ്ത്രീകളിൽ നടത്തിയ സർവേയെ തുടർന്നാണ് സിഇഒ വേൾഡ് മാഗസിൻ സ്ത്രീകൾക്ക് മികച്ച രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്.







































