gnn24x7

യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നു

0
245
gnn24x7

അബുദാബി: യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നു. അനുമതി ലഭിച്ച സർവീസുകളിൽ പകുതി പോലും ഉപയോഗപ്പെടുത്താതെയാണ് പലരും പിൻവാങ്ങുന്നത്. യാത്രക്കാരില്ലാത്തതാണ് പ്രധാന കാരണം.

തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ യാത്രക്കാർക്കായുള്ള നെട്ടോട്ടത്തിലായിരുന്നു പല സംഘാടകരും. വന്ദേഭാരത് നാലാം ഘട്ടം തുടക്കത്തിൽ വന്ദേഭാരത് വിമാനങ്ങളിൽ ആളെ നിറയ്ക്കാനും എംബസിയും എയർലൈനും വല്ലാതെ പ്രയാസപ്പെട്ടിരുന്നു. എംബസിയിൽ റജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽനിന്ന് 1300 പേരെ വിളിച്ചാണ് ഒരു വിമാനത്തിലേക്ക് ആളെ തരപ്പെടുത്തിയതെന്നാണ് അന്ന് എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞത്.

ആദ്യ ഘട്ടങ്ങളിൽ അത്യാവശ്യക്കാർക്കുപോലും ടിക്കറ്റില്ലെന്നു പറഞ്ഞിരുന്ന വന്ദേഭാരതും ചാർട്ടേഡ് സംഘാടകരും പിന്നീട് യാത്രക്കാർക്കായി വലവീശാൻ തുടങ്ങുകയായിരുന്നു.

വന്ദേഭാരത് വിമാന ടിക്കറ്റ് എംബസിയുടെ നിയന്ത്രണത്തിൽനിന്ന് ഓൺലൈനിലേക്കു മാറ്റിയതോടെ ചാർട്ടേഡ് വിമാനങ്ങൾക്കു വീണ്ടും ആളുകുറഞ്ഞു. റജിസ്റ്റർ ചെയ്ത ആർക്കും എവിടന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നു വന്നതോടെ താരതമ്യേന കുറഞ്ഞ നിരക്ക് ഈടാക്കിയിരുന്ന വന്ദേഭാരതിലേക്ക് ആളുകൾ ചുവടു മാറി.

ചില സ്വകാര്യ എയർലൈനുകൾ ട്രാവൽ ഏജൻസികളുടെ സഹകരണത്തോടെ സർവീസ് നടത്തുന്നതും ചില വ്യക്തികളും സംഘടനകളും സൗജന്യ സർവീസ് നടത്തിയതും സംഘടനകളുടെ ചാർട്ടേഡ് സർവീസികളിൽ ആളില്ലാതാക്കി.

ഓൺലൈൻ സൗകര്യമില്ലാത്തവരും നേരത്തേ ടിക്കറ്റിനായി പണം നൽകിയ ആളുകളുമാണ് ഇപ്പോൾ ചാർട്ടേഡു വിമാനങ്ങളെ ആശ്രയിക്കുന്നത്.

യാത്രക്കാർ കുറഞ്ഞതോടെ ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്നും ഉടൻ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ട് വാട്സാപ് ഗ്രൂപ്പുകളിൽ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.

നേരിട്ട് എയർപോർട്ടിലെത്തുന്നവരെയും പരിഗണിക്കുമെന്നുവരെ ദുബായ്, വടക്കൻ എമിറേറ്റിലുള്ള സംഘാടകരുടെ അറിയിപ്പുണ്ടായിരുന്നു.

എന്തുകൊണ്ട് നാടണയാൻ മടി

നാട്ടിലേക്കു പോകാനായി യുഎഇയിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലുമായി റജിസ്റ്റർ ചെയ്തത് 5.2 ലക്ഷത്തിലേറെ പേർ. കഴിഞ്ഞ ആഴ്ചത്തെ കണക്കുപ്രകാരം നാട്ടിലേക്കു മടങ്ങിയതാകട്ടെ വന്ദേഭാരത് വിമാനങ്ങളിൽ 1.55 ഉൾപെടെ ഏതാണ്ട് 2 ലക്ഷത്തിൽ താഴെ ആളുകൾ മാത്രം. ശേഷിച്ച 3.2 ലക്ഷം പേർ യാത്ര വേണ്ടന്നുവച്ചുവെന്നതിന് പല കാരണങ്ങളുണ്ട്.

സർക്കാരും നാട്ടുകാരും കുടുംബക്കാരും പ്രവാസികളോടുള്ള കാണിക്കുന്ന വിവേചനപരമായ നടപടി യാത്ര വേണ്ടന്നുവയ്ക്കാൻ പ്രവാസികളെ പ്രേരിപ്പിച്ചു.

ചാർട്ടേഡ് സർവീസിന്റെ നിയമങ്ങളിൽ ഇടയ്ക്കിടെ മാറ്റം വരുത്തിയതും ചിലരെ പിന്തിരിപ്പിച്ചു.

നാട്ടിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയും ഇവിടെ ശാന്തമാകുകയും ചെയ്തതിനാൽ യാത്ര ഒഴിവാക്കിയവരുമുണ്ട്.

നാട്ടിലെത്തിയാൽ ക്വാറന്റീനിൽ കഴിയണം. അതിനാൽ ചെറിയ അവധി മാത്രമുള്ളവർ നാട്ടിൽ പോകുന്നത് നീട്ടിവയ്ക്കുന്നു.

അബുദാബി മലയാളി സമാജം

അബുദാബി മലയാളി സമാജത്തിന് 10 വിമാനത്തിനാണ് അനുമതി ലഭിച്ചത്. അതിൽ 3 വിമാനത്തിലായി 534 പേരെ നാട്ടിലെത്തിച്ചു. മതിയായ ആളില്ലാത്തതിനാൽ തൽക്കാലം നിർത്തുകയാണ്. കൂടുതൽ ആളുകൾ മുന്നോട്ടുവരികയാണെങ്കിൽ സർവീസ് നടത്തും

– പ്രസിഡന്റ് ഷിബു വർഗീസ്

കെഎംസിസി

യുഎഇ കെഎംസിസിയുടെ കീഴിൽ ഇതുവരെ 142 വിമാനങ്ങളിലായി 30,000ത്തോളം പേരെ നാട്ടിലെത്തിച്ചു. ഇതിൽ 15 എണ്ണം ദുബായിൽനിന്നും 15 എണ്ണം അബുദാബിയിൽനിന്നും ശേഷിച്ചവ റാസൽഖൈമയിൽനിന്നുമാണ് സർവീസ് നടത്തിയത്. യാത്രക്കാരുണ്ടെങ്കിൽ ആഴ്ചയിൽ ഒരു വിമാന സർവീസ് നടത്തും.

പ്രസിഡന്റ് പുത്തൂർ റഹ്മാൻ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here