gnn24x7

കോവിഡ്; ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ 17 ലക്ഷത്തോളം തൊഴില്‍ നഷ്ടമാകുമെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട്

0
279
gnn24x7

കോവിഡ് പ്രതിസന്ധി മൂലം ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ 17 ലക്ഷത്തോളം തൊഴില്‍ നഷ്ടമാകുമെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട്. വൈറസ് വ്യാപനത്തില്‍ നിന്നുള്ള പരിഭ്രാന്തി സമ്പദ്ഘടനകളേയും ബിസിനസ് രംഗങ്ങളേയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കെ പുറത്തുവന്നിരിക്കുന്ന യു.എന്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വേസ്റ്റേണ്‍ ഏഷ്യ (ഇ.എസ്.സി.ഡബ്ല്യു.എ)യുടെ മുന്നറിയിപ്പ് ഗള്‍ഫ് രാജ്യങ്ങളോടൊപ്പം കേരളത്തിന്റെയും ചങ്കിടിപ്പ് കൂട്ടുന്നു.

പൊതുവേ സാമ്പത്തിക മുരടിപ്പിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ക്രൂഡ് ഒായില്‍ വില താഴ്ന്നതോടെ പ്രതിസന്ധി മൂര്‍ച്ഛിക്കാനുള്ള സാധ്യത വന്നിരുന്നു. അതിനു പിന്നാലെയാണ് രോഗത്തിന്റെ വ്യാപനം ഗുരുതരമായിക്കൊണ്ടിരിക്കുന്നത്. ഇതിനകം ഉണ്ടാക്കിയ തൊഴില്‍ നഷ്ടം ഭീമമാണ്.വിശേഷിച്ചും ഹോട്ടല്‍, വ്യോമയാന മേഖലകളില്‍. ഹോട്ടലുകളും മറ്റും അടച്ചിട്ടതിനാല്‍, ഇപ്പോള്‍ത്തന്നെ അനവധി പേരെ ശമ്പളം ഇല്ലാത്ത അവധിയിലേക്ക് തൊഴിലുടമകള്‍ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇത് സ്വാഭാവികമായും കേരളത്തെ സാരമായി ബാധിക്കും എന്നുറപ്പാണ്. കേരള സമ്പദ്ഘടനയുടെ നെടുംതൂണ്‍ തന്നെ 2.5 ദശലക്ഷം വരുന്ന ഗള്‍ഫ് മലയാളികളുടെ നിക്ഷേപവും സാമ്പത്തിക പിന്തുണയുമായിരിക്കേ ഇതിലൂടെ സംസ്ഥാനത്തിന്റെ ആശ്രിത സമ്പദ്വ്യവസ്ഥയില്‍ വരാന്‍ പോകുന്നത് വന്‍ ആഘാതമായിരിക്കും.

ഗള്‍ഫ്് മേഖലയിലെ  തൊഴിലില്ലായ്മ 1.2 ശതമാനം വര്‍ധിക്കുമെന്നും ഇ.എസ്.സി.ഡബ്ല്യു.എ റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 ല്‍ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഭിന്നമായി കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളിലും തൊഴിലിനെയാണ് പ്രധാനമായും ബാധിക്കുകയെന്ന് ഇഎസ്സിഡബ്ല്യുഎ എക്സിക്യുട്ടീവ് സെക്രട്ടറി റോള ദാസ്തി പറഞ്ഞു.സമ്പദ്വ്യവസ്ഥകളും ബിസിനസ്സുകളും അപകടകരമായ തോതിലാണ്  ജോലികള്‍ ഉപേക്ഷിക്കുന്നത്. റീട്ടെയില്‍, വിദ്യാഭ്യാസം, സോഷ്യല്‍ വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ സേവന മേഖലകളില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ഈ അവസ്ഥ ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അഭൂതപൂര്‍വമാണ്.ിപ്പോഴത്തെ സൂചനകളനുസരിച്ച് സേവനമേഖലയിലുണ്ടാകാവുന്ന നഷ്ടം 50 ശതമാനം വരെയാകാനാണു സാധ്യത.

അറബ് രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020 ല്‍ ഏകദേശം 42 ബില്യണ്‍ ഡോളര്‍ കുറയുമെന്ന്  റിപ്പോര്‍ട്ടില്‍  പറയുന്നു. അടച്ചുപൂട്ടലിന്റെ കാലദൈര്‍ഘ്യം ഏറിയാല്‍ ഇപ്പോഴത്തെ കണക്കുകള്‍ അപ്രസക്തമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ജനുവരി മുതല്‍ മാര്‍ച്ച് പകുതി വരെയുള്ള കാലയളവില്‍ 11 ബില്യണ്‍ ഡോളര്‍ എണ്ണ വരുമാനം ഈ മേഖലയ്ക്ക് നഷ്ടമായി.മേഖലയിലെ ബിസിനസുകള്‍ക്ക് 420 ബില്യണ്‍ ഡോളര്‍ വിപണി മൂലധനം നഷ്ടപ്പെട്ടു. ഇത് മേഖലയിലെ മൊത്തം വിപണി മൂലധനത്തിന്റെ എട്ട് ശതമാനം വരും. വ്യാപാരത്തിലും ആഗോള ഗതാഗതത്തിലും അഭൂതപൂര്‍വമായ കുറവു സംഭവിക്കുന്നതിനാല്‍ വരും ആഴ്ചകളില്‍ത്തന്നെ കണക്കുകള്‍ മാറിമറിയാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here