ദുബായ്: കൊവിഡിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധി താത്ക്കാലികം മാത്രമാണെന്ന് വ്യവസായി എം.എ യൂസഫലി. പ്രതിസന്ധി തരണം ചെയ്ത് ഗൾഫ് രാജ്യങ്ങൾ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ എല്ലാ മേഖലകളിലും പ്രതിസന്ധിയുണ്ടെന്നും ലുലു അടക്കമുള്ള റീട്ടെയിൽ വ്യാപരികൾക്കും ഇപ്പോൾ ബുദ്ധിമുട്ട് നിറഞ്ഞ സമയമാണെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് യുദ്ധത്തിന് ശേഷം ഗൾഫിൽ വലിയ പ്രതിസന്ധികൾ രുപപ്പെട്ടിരുന്നു. യുദ്ധത്തിന് ശേഷം എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ ആയിരക്കണക്കിന് ആളുകൾ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. സമാനമായി ആഗോള സാമ്പത്തിക മാന്ദ്യക്കാലത്തും ആളുകൾ ഭീതിയിലായിരുന്നു. എന്നാൽ ഗൾഫ് രാജ്യങ്ങൾ ഇതിനെയെല്ലാം നേരിട്ട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യയിലേക്ക് മടങ്ങിയ ലക്ഷക്കണക്കിന് ആളുകൾ തിരിച്ചെത്തുകയും ചെയ്തു. അതുപോലെതന്നെ ഇപ്പോഴത്തെ പ്രയാസങ്ങൾ മാറി നല്ല ഒരു നാളെ ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം യൂസഫലി പറഞ്ഞു. സൂമിലൂടെ നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു യൂസഫലിയുടെ പ്രതികരണം.
കൊവിഡിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലുണ്ടായ പ്രതിസന്ധിയിൽ നിരവധി പേരാണ് ഇന്ത്യയിലേക്ക് മടങ്ങുന്നത്.