അബുദാബി: തുറസായ സ്ഥലത്ത് ക്രിക്കറ്റ് കളിയും ഒത്തു ചേരലും, മലയാളികൾക്ക് കിട്ടിയത് എട്ടിന്റെ പണി. അബുദാബി മുസഫയിലെ മസ്‌യദ് മാളിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ക്രിക്കറ്റ് കളി കഴിഞ്ഞുള്ള വിശ്രമത്തിനിടെയാണ് കളിക്കാർ പോലീസിന്റെ കണ്ണിലുടക്കിയത്.
ക്രിക്കറ്റ് കളികഴിഞ്ഞ ശേഷം കൂട്ടം കൂടി നിൽക്കുന്നത് കണ്ട പോലീസ് എത്തുകയായിരുന്നു. തുടർന്ന് ഓരോരുത്തരുടേയും എമിറേറ്റ് ഐഡി പരിശോധിച്ച് ഓരോരുത്തർക്കും അയ്യായിരം ദിർഹം പിഴ ചുമത്തി. ഇന്ത്യൻ മണി ഏകദേശം ഒരു ലക്ഷം രൂപ വരും ഇത്.
ചെറിയ കുട്ടികൾ ഒഴികെയുള്ള എല്ലാവർക്കും പിഴ ചുമത്തി. അനുമതി ഇല്ലാത്ത സ്ഥലത്ത് ക്രിക്കറ്റും ഫുട്ബോളും കളിക്കുന്നത് പോലീസ് നിരവധി തവണ വിലക്കിയതാണ്. എന്നാൽ വിലക്ക് ലംഘിച്ച് കളി തുടർന്നതും കളിക്ക് ശേഷമുള്ള ഒത്തുചേരലുമാണ് ഇവർക്ക് വിനയായത്.
യുഎഇയിൽ പൊതുസ്ഥലത്ത് പത്തിൽകൂടുതൽ ആളുകളെ ഒരുമിച്ച് കൂടാൻ ആഹ്വാനം ചെയ്യുന്നവർക്ക് 10000 റിയാലും ഒത്തു ചേർന്നവർക്ക് 5000 റിയാലുമാണ് പിഴ. കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ രാജ്യത്ത് പൊതു ഇടങ്ങളിൽ ഇടപെടുന്നതിനുള്ള നിയമങ്ങളും കർശനമാകുകയാണ്.







































