കുവൈറ്റ്: ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ന് മുതൽ തുടക്കം. ഇന്ത്യ, കുവൈറ്റ് എയര്‍ ബബിള്‍ കരാര്‍ സംവിധാനത്തിലൂടെയാകും സര്‍വീസ് നടത്തുക. 1,15,000 രൂപ മുതലാണ് കുവൈറ്റില്‍ നിന്നുള്ള എയര്‍ലൈനുകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്. അതേസമയം ഇന്ത്യന്‍ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഇത്രത്തോളം വരില്ലെന്നാണ് റിപ്പോർട്ട്.
ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് ആഴ്ചയില്‍ 5600 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. കുവൈറ്റില്‍ നിന്ന് കുവൈറ്റ് എയര്‍വെയ്‌സും ജസീറ എയര്‍വെയ്‌സുമാണ് സര്‍വീസുകള്‍ നടത്തുക.
അനുവദിച്ചിരിയ്ക്കുന്ന 5528 സീറ്റില്‍ പകുതിയോളം സീറ്റുകള്‍ ഈ രണ്ടു വിമാന കമ്പനികളും വീതിച്ചെടുക്കും. കുവൈറ്റിലേക്കുള്ള ആദ്യ വിമാനം കൊച്ചിയില്‍ നിന്ന് ഇന്ന് സർവീസ് നടത്തും.