ജിദ്ദ: കഫേകളിലും റസ്റ്ററന്റുകളിലും ഇ-പേയ്മെന്റ് സംവിധാനം നിർബന്ധമാക്കി സൗദി അറേബ്യ. കറൻസിയുടെ ക്രയവിക്രയം കുറയ്ക്കുകയാണ് ലക്ഷ്യം. തീരുമാനം വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. കഴിഞ്ഞ വർഷമാണ് എല്ലാ മേഖലകളിലും ക്രമേണ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നടപ്പാക്കാൻ തുടങ്ങിയത്. ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളിൽ സംവിധാനം നിർബന്ധമാക്കി വരികയാണ്. ആദ്യം പെട്രോൾ പമ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ആരംഭിച്ചത്. 2020 ഓഗസ്റ്റ് 25ഓടെ എല്ലാ വാണിജ്യ മേഖലകളിലും ഇ പേയ്മെന്റ് നടപ്പാക്കാനാണ് തീരുമാനം.
അഞ്ചാംഘട്ട നടപടികളുടെ ഭാഗമായാണ് റസ്റ്ററന്റുകളിലും കഫേകളിലും ഇ-പേയ്മെന്റ് സംവിധാനം നിർബന്ധമാക്കിയത്. ചെറുകിട മേഖലയിലെ 70 ശതമാനം വരുന്ന അൻപതോളം വാണിജ്യ പ്രവർത്തനങ്ങൾക്ക് ഇതിനോടകം തന്നെ ഇ-പേയ്മെന്റ് സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25ഓടെ മറ്റ് പ്രവർത്തനങ്ങൾക്കും ഇ-പേയ്മെന്റ് നിർബന്ധമാക്കും.






































