തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്ത് കേസിന്റെ മുഖ്യ സൂത്രകാരൻ ഫൈസൽ ഫരീദ് യുഎഇ പൊലീസിന്റെ പിടിയിൽ. അറസ്റ്റിലായ ഫൈസലിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറാനാണ് യുഎഇയുടെ തീരുമാനം. ഫൈസൽ ഇപ്പോൾ ദുബായ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഫൈസലിന്റെ പാസ്പോർട്ട് റദ്ദാക്കിയ കാര്യം ഇന്ത്യൻ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ഫൈസൽ ഫരീദിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ഇന്റർപോൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഫൈസലിനെ എപ്പോൾ ഇന്ത്യയ്ക്ക് കൈമാറും എന്ന കാര്യത്തിൽ ഇതുവരെ ഒരു ഔദ്യോഗിക റിപ്പോർട്ടും വന്നിട്ടില്ല. മൊബൈൽ നമ്പർ പിൻതുടർന്നാണ് ഇയാൾ കഴിയുന്ന കേന്ദ്രം യുഎഇ പൊലീസ് കണ്ടെത്തിയത്.
വ്യാജ രേഖകളുടെ നിർമ്മാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ തന്റെ പേരിലുള്ള ആരോപണങ്ങൾ നിഷേധിച്ച് ഫൈസൽ മാധ്യമങ്ങൾക്ക് മുൻപിൽ വന്നിരുന്നു.







































