ദുബൈയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ സൗകര്യത്തിനായി ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പിസിആർ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ക്രമീകരിച്ചു. ഇന്ത്യയിലെ 34 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മൂന്നിലൊന്ന് വിമാനത്താവളങ്ങൾ അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ മേൽനോട്ടത്തിൽ ദുബായിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ഇന്ന് മുതൽ ദുബൈയിലേക്ക് വിമാന സർവീസ് വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തിലാണ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. യുഎഇ റെസിഡൻസി വിസ ഉള്ളവർക്കും യുഎഇ അനുമതി നൽകിട്ടുള്ള കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമാണ് ഇപ്പോൾ പ്രവേശനത്തിന് അനുമതിയുള്ളത്. അതായത് കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. എന്നാൽ ഇന്ത്യയിൽ അനുമതിയുള്ള കൊവാക്സിൻ എടുത്താൽ പ്രവേശനം അനുവദിക്കില്ല.
ദുബായിലേക്ക് യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂർ മുമ്പുള്ള കോവിഡ് ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. കോവിഡ് പിസിആർ ഫലത്തിൽ ക്യുആർ കോഡ് നിർബന്ധമാണ്. അതേസമയം യുഎഇ പൗരന്മാർക്ക് ടെസ്റ്റ് നിർബന്ധമില്ല.
വിമാനത്തിൽ കയറുന്നതിന് നാല് മണിക്കൂർ മുമ്പ് യാത്രക്കാർ റാപിഡ് പിസിആർ ടെസ്റ്റിന് വിധേയരാകണം. ദുബായിൽ എത്തിയതിന് ശേഷം വീണ്ടും കോവിഡ് പിസിആർ ടെസ്റ്റ് നടത്തുകയും ഫലം വരുന്നത് വരെ യാത്രക്കാർ നിർബന്ധമായി ഇൻസ്റ്റിറ്റ്യൂണൽ ക്വാറന്റീനിൽ പോകുകയും വേണം. മറ്റ് രാജ്യങ്ങളിൽ വഴി ദുബായിൽ എത്തുന്ന രാജ്യക്കാർക്കും ഈ നിയമം ബാധകമാണ്.