അബുദാബി: ഭാര്യ അതിർത്തി കടന്നതിന് (15000 ദിർഹം) ഏകദേശം 3 ലക്ഷത്തോളം രൂപ പിഴ അടച്ച് ഭർത്താവ്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഹിരൺ ഭാസ്കരനാണ് പിഴ അടക്കേണ്ടിവന്നത്. അതേസമയം ഹിരൺ സമീപ കാലത്തൊന്നും അബുദാബി അതിർത്തി വിട്ട് പോയിരുന്നില്ല. സിം കാർഡ് ആണ് തങ്ങളെ ചതിച്ചത് എന്ന് മലയാളി ദമ്പതികൾക്ക് പിന്നീട് ആണ് മനസ്സിലായത്.
ഒരു മീഡിയ കമ്പനിയിലാണ് ഹിരണിന്റെ ഭാര്യ അതുല്യ ജോലി ചെയ്യുന്നത്. ഔദ്യോഗിക ആവശ്യത്തിനായി ജനുവരി 24ന് അതുല്യ ദുബായിൽ പോയിയിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കോവിഡ് പരിശോധന നടത്തിയാണ് അതുല്യ അതിർത്തി കടന്നത്. തിരിച്ചെത്തി കൃത്യമായി കോവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതൊക്കെ ചെയ്തിട്ടും ഭർത്താവിന് പിഴ വന്നത് എങ്ങനെ എന്ന് അന്വേഷിച്ചപ്പോഴാണ് സിം കാർഡാണ് തങ്ങളെ ചതിച്ചതെന്ന് ദമ്പതികൾക്ക് മനസിലായത്.
അതുല്യ അതിർത്തി കടക്കുമ്പോൾ രണ്ടു ഫോണുകൾ കൊണ്ടുപോയിരുന്നു. അതിൽ ഒന്ന് ഹിരണിന്റെ പേരിൽ എടുത്ത സിം കാർഡ് നമ്പറും മറ്റേത് കമ്പനി ഫോണുമായിരുന്നു. ഈ വ്യക്തിഗത സിം കാർഡാണ് പിഴയ്ക്ക് കാരണമായത്.
അതേസമയം പിഴയ്ക്ക് എതിരെ പരാതിയുണ്ടെങ്കിൽ ഫയൽ നമ്പർ സഹിതം 14 ദിവസത്തിനകം നിശ്ചിത വെബ്സൈറ്റിൽ പരാതിപ്പെടണമെന്നും നിർദേശമുണ്ടായിരുന്നു. ഇതനുസരിച്ച് ദമ്പതികൾ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകിയിട്ടുണ്ട്.








































