ഇസ്ലാമാബാദ്: സൗദി അറേബ്യയിലേക്ക് സന്ദര്‍ശനം നടത്താനൊരുങ്ങി പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ അഹമ്മദ് ബജ്‌വ. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി നടത്തിയ പരാമര്‍ശത്തിനു പിന്നാലെ സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് സന്ദര്‍ശനം.
ഖുറേഷി നടത്തിയ പരാമര്‍ശം സൗദി ഗൗരവമായിത്തന്നെ എടുത്തിട്ടുണ്ടെന്നാണ് സൂചന. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ വേണ്ട ഖുറേഷി നടത്താനിരുന്ന രണ്ട് പ്രസ് കോണ്‍ഫറന്‍സുകളും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
വിഷയം പത്ര സമ്മേളനത്തില്‍ വിശദീകരണം നല്‍കിയതു കൊണ്ട് മാത്രം പരിഹരിക്കാന്‍ സൗദി ഒരുക്കമല്ലെന്നതിന്റെ സൂചനയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നീക്കത്തിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്ലിം കൗണ്‍സില്‍ ( ഒ.ഐ.സി) യോഗം ചേരണമെന്നാമവശ്യപ്പെട്ട് കൊണ്ട് ഖുറേഷി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
അടുത്തിടെ ഒരു പാക് ന്യൂസ് ചാനലിലെ അഭിമുഖത്തില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടി ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ ഒ.ഐ.സി മീറ്റിംഗ് വിളിച്ചില്ലെങ്കില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ യോഗം വിളിക്കാന്‍ താന്‍ നിര്‍ബന്ധിക്കുമെന്ന് ഖുറേഷി പറഞ്ഞിരുന്നു.
വിഷയത്തില്‍ തങ്ങളുടെ വികാരം ഗള്‍ഫ് രാജ്യങ്ങള്‍ മനസ്സിലാക്കണമെന്നും ഖുറേഷി പറഞ്ഞിരുന്നു. പരാമര്‍ശത്തിനു പിന്നാലെ പാകിസ്താനുമായുള്ള ചില വ്യാപാര വ്യവസ്ഥകളില്‍ നിന്ന് സൗദി പിന്‍വാങ്ങുന്നതിന്റെ സൂചന നല്‍കിയിരുന്നു.
പാകിസ്താന് വായ്പാ ആനുകൂല്യത്തോടെ നല്‍കുന്ന എണ്ണ കയറ്റു മതി കരാര്‍ സൗദി പുതുക്കിയിട്ടില്ല.. രണ്ടു മാസം മുമ്പ് ഈ കരാറിന്റെ സമയ പരിധി കഴിഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും കരാര്‍ പുതുക്കാന്‍ സൗദി തയ്യാറായിട്ടില്ല.
ഘട്ടം ഘട്ടമായി പണമടച്ച് 3.2 ബില്യണ്‍ ഡോളറിന്റെ എണ്ണ സൗദിയില്‍ നിന്നും പാകിസ്താനിലെത്തിക്കാനുള്ള കരറാണിത്. പാക് ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കുന്നതിന്റെ ഭാഗമായി 2018 നവംബറില്‍ പ്രഖ്യാപിച്ച 6.2 ബില്യണ്‍ ഡോളര്‍ സൗദി പാക്കേജിന്റെ ഭാഗമായിരുന്നു ഈ കരാര്‍.
മൂന്ന് ബില്യണ്‍ ഡോളറിന്റെ ക്യാഷ് സപ്പോര്‍ട്ടും പ്രതിവര്‍ഷം 3.2 ബില്യണ്‍ ഡോളര്‍ എണ്ണ സൗകര്യവും രണ്ട് വര്‍ഷത്തേക്ക് പുതുക്കാനുള്ള വ്യവസ്ഥ കരാറിലുണ്ട്.




































