ദുബായ്: മലയാളി വ്യവസായി ദുബായിൽ ജീവനൊടുക്കി. സ്പെയ്സ് സൊല്യൂഷൻസ് ഇന്റർനാഷണൽ ഗ്രൂപ്പ് ഡയറക്ടറായ അജിത് തയ്യിലാണ് തിങ്കളാഴ്ച ഷാർജ ടവറിൽ നിന്ന് ചാടി മരിച്ചതെന്ന് ൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം ഷാർജ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
തയ്യിൽ കേരള പ്രീമിയർ ലീഗ് (കെപിഎൽ-ദുബായ്) ടി 20 ടൂർണമെന്റിന്റെ ഡയറക്ടറായിരുന്നു. അതിസമ്പന്നർ താമസിക്കുന്ന ദുബായിലെ മെഡോസിലാണ് തയ്യിലും താമസിച്ചിരുന്നത്.
തിങ്കളാഴ്ച പുലർച്ചെ ഷാർജയിലേക്ക് പോകുന്നതിനിടെ ബുഹൈറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ‘ഷാർജ ടവറിൽ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അദ്ദേഹത്തെ അൽ കാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
മൃതദേഹം ഫോറൻസിക് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ രണ്ട് മാസത്തിനിടെ യുഎഇയിൽ ആത്മഹത്യ ചെയ്ത രണ്ടാമത്തെ കേരള വ്യവസായിയാണ് തയ്യിൽ. ഏപ്രിലിൽ ജോയ് അറയ്ക്കലും സമാനമായ രീതിയിലാണ് മരിച്ചത്.






































