ദോഹ: ഖത്തറില്‍ മിനിമം വേതന വ്യവസ്ഥ ലംഘിച്ചാല്‍ തൊഴിലുടമകള്‍ പരമാവധി 10,000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ അനുഭവിക്കേണ്ടി വരും. പരമാവധി പിഴ തുക 6,000 റിയാലില്‍ നിന്ന് 10,000 റിയാലായും ഒരു മാസത്തെ ജയില്‍ ശിക്ഷ ഒരു വര്‍ഷമാക്കിയുമാണ് ലംഘകര്‍ക്കുള്ള ശിക്ഷാ നടപടികള്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ ഇന്‍സ്‌പെക്ഷന്‍ വകുപ്പ് ഡയറക്ടര്‍ ഫഹദ് അല്‍ ദോസരി പറഞ്ഞു. ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രവാസി തൊഴിലാളികള്‍ക്ക് മിനിമം വേതനം 1,000 റിയാല്‍ ആക്കി കൊണ്ടുള്ള പുതിയ തൊഴില്‍ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി 6 മാസത്തിന് ശേഷം പ്രാബല്യത്തിലാകും. പുതിയ നിയമ പ്രകാരം തൊഴിലാളിക്ക് തൊഴിലുടമ ഭക്ഷണവും താമസ സൗകര്യവും നല്‍കുന്നില്ലെങ്കില്‍ 1,800 റിയാല്‍ മിനിമം വേതനം നല്‍കണം. ഭക്ഷണവും താമസവും നല്‍കുന്നുണ്ടെങ്കില്‍ 1,000 റിയാല്‍ മിനിമം വേതനം നല്‍കിയിരിക്കണം. ഭക്ഷണത്തിന് 300 റിയാല്‍, താമസത്തിന് 500 റിയാല്‍ എന്ന പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.
തൊഴിലാളിക്ക് ഉചിതമായ താമസ സൗകര്യം നല്‍കിയില്ലെങ്കിലും 6 മാസം ജയില്‍ ശിക്ഷയും 2,000 മുതല്‍ 1,00,000 റിയാല്‍ വരെ പിഴ തുകയുമാണ് തൊഴിലുടമയ്‌ക്കെതിരെ വിധിക്കുന്നത്. ലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജഡ്ജിമാരുടെ നേതൃത്വത്തില്‍ മൂന്നു കമ്മിറ്റികളുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ കമ്മിറ്റികള്‍ രൂപീകരിക്കും.