ന്യൂഡൽഹി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വെറും രണ്ട് ദിവസത്തിനുള്ളിൽ പാസ്‌പോർട്ട് പുതുക്കാം. ഇതിനുള്ള നടപടിക്രമം ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാധ്യമ റിപ്പോർട്ട്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന് ഇപ്പോൾ യുഎഇയിലുടനീളം താമസിക്കുന്ന പ്രവാസികളിൽ നിന്ന് പാസ്‌പോർട്ട് അപേക്ഷ സ്വീകരിക്കാൻ കഴിയുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നേരത്തെ, ഓരോ എമിറേറ്റിനും പാസ്പോർട്ട് പുതുക്കലിനായി ഓരോ കേന്ദ്രം ഉണ്ടായിരുന്നു.
പാസ്‌പോർട്ട് പുതുക്കൽ ഫോമുകൾ ലഭിച്ച അതേ ദിവസം തന്നെ പ്രോസസ്സ് ചെയ്യുമെന്ന് ദുബായിലെ കോൺസൽ ജനറൽ ഡോ. അമാൻ പുരി ഗൾഫ് ന്യൂസിനോട് പറഞ്ഞു. ചില ആപ്ലിക്കേഷനുകൾ പ്രോസസ്സ് ചെയ്യുന്നതിന് കൂടുതൽ സമയമെടുക്കുമെന്ന് പുരി പറഞ്ഞു.
“പോലീസ് വെരിഫിക്കേഷൻ അല്ലെങ്കിൽ ഇന്ത്യയിൽ നിന്ന് മറ്റേതെങ്കിലും ക്ലിയറൻസ് പോലുള്ള പ്രത്യേക അംഗീകാരങ്ങൾ ആവശ്യമുണ്ടെങ്കിൽ മാത്രമായിരിക്കും കൂടുതൽ സമയം എടുക്കുക. അങ്ങനെയെങ്കിൽ ശരാശരി രണ്ടാഴ്ച സമയമെടുക്കും,” അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ വർഷം യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ് മുഖേന 2 ലക്ഷത്തിലധികം പാസ്‌പോർട്ട് അപേക്ഷകൾ സ്വീകരിച്ചിരുന്നു. ഇത് മറ്റ് ഏതൊരു രാജ്യത്തെ അപേക്ഷിച്ചും വളരെ കൂടുതലാണ്.






































