റിയാദ്: റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുടിനിക് വി സൗദി അറേബ്യയിലും യു.എ.ഇയിലും പരീക്ഷിക്കും. സൗദിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായാണ് റഷ്യ ധാരണയിലെത്തിയിരിക്കുന്നത്. വാക്സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ സൗദിയിലെ ഈ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്ന് റഷ്യൻ ഡയരക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൗദിയിലെ അറബ് ന്യൂസിനോട് വ്യക്തമാക്കി. അതേ സമയം റഷ്യൻ വാക്സിൻ പരീക്ഷിക്കുന്ന സൗദി ഫാർമസ്യൂട്ടിക്കൽ കമ്പനിയേതെന്ന് വ്യക്തമാക്കിയിട്ടില്ല.
സൗദിയെ കൂടാതെ യു.എ.ഇക്കും റഷ്യയുടെ ഈ കൊവിഡ് വാക്സിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തിൽ തന്നെ യു.എ.ഇയിലും പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ ഫിലിപ്പീൻസ്, ബ്രസീൽ എന്നിവിടങ്ങളിലും കൊവിഡ് വാക്സിൻ പരീക്ഷണം നടത്തും.
ഈ മാസം ആദ്യമാണ് കൊവിഡ് വാക്സിൻ രജിസ്റ്റർ ചെയ്തതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ അറിയിച്ചത്. വാക്സിന്റെ സുരക്ഷിതത്വവും ഫലവും വ്യക്തമാക്കുന്ന നിർണായക ടെസ്റ്റുകൾ നടത്താതെയാണ് റഷ്യയുടെ വാദമെന്ന് വിമർശനം ഉയർന്നിരുന്നു.
റഷ്യയുടെ കൊവിഡ് വാക്സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു. റഷ്യന്‍ ഉപ പ്രധാനമന്ത്രി നല്‍കുന്ന വിവര പ്രകാരം ഓഗസ്റ്റ് മാസത്തില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വാക്സിനേഷന്‍ നടത്താന്‍ റഷ്യൻ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.