gnn24x7

ഒക്ടോബര്‍ മാസത്തേക്കുള്ള എണ്ണ വില കുറച്ച് സൗദി അറേബ്യ; ചൈനയെ മുന്നില്‍ കണ്ടുള്ള നീക്കം

0
268
gnn24x7

റിയാദ്: ഒക്ടോബര്‍ മാസത്തേക്കുള്ള എണ്ണ വില കുറച്ച് സൗദി അറേബ്യ. കൊവിഡ് പ്രതിസന്ധി ഒടുങ്ങാത്ത സാഹചര്യത്തില്‍ എണ്ണ വിപണി പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

സൗദി ആരാംകോ തങ്ങളുടെ അറബ് ലൈറ്റ് ഗ്രേഡ് ക്രൂഡ് ഓയിലിന്റെ ഏഷ്യയിലേക്കുള്ള കയറ്റുമതിയുടെ വില വിപണിയില്‍ പ്രതീക്ഷിച്ചതിലും കൂടുതലായാണ് കുറച്ചിരിക്കുന്നത്. ഏഷ്യയിലേക്കുള്ള ലൈറ്റ് ഗ്രേഡ് ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ വില ബാരലിന് 1.40 ഡോളറായാണ് കുറച്ചിരിക്കുന്നത്. ഒപ്പം യു.എസ് മാര്‍ക്കറ്റിലേക്കുള്ള വിലയും കുറച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിനായി നേരത്തെ സൗദി അറേബ്യ, റഷ്യ, എന്നിവയുള്‍പ്പെടയുള്ള ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പാദനം ഒരു ദിവസം പത്ത് ദശലക്ഷം ബാരല്‍ എന്ന കണക്കില്‍ വെട്ടിക്കുറിച്ചിരുന്നു.

ഈ ഉല്‍പാദന വെട്ടിക്കുറയ്ക്കലും ഒപ്പം ചൈനീസ് മാര്‍ക്കറ്റ് കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിത്തുടങ്ങിയതും ഒപെക് വിപണിയെ പിടിച്ചു നിര്‍ത്താന്‍ സഹായിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴും വിപണി 35 ശതമാനത്തോളം ഇടിവില്‍ തന്നെയാണ്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില വെള്ളിയാഴ്ച 42.66 ഡോളറായി കുറഞ്ഞിട്ടുണ്ട്.

നിലവില്‍ കൊവിഡ് പ്രതിസന്ധി മറികന്ന ചൈനയുടെ മാര്‍ക്കറ്റിനെ മുന്നില്‍ കണ്ടു കൊണ്ടാണ് ഒക്ടോബറിലെ എണ്ണ വില കുറച്ചിരിക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം. ഒക്ടോബറിലെ വെട്ടിക്കുറയ്ക്കല്‍ വരും മാസങ്ങളില്‍ ചൈനയിലേക്കുള്ള ശക്തമായ കയറ്റുമതിയെ സഹായിക്കും എന്നാണ് ആരാംകോ കരുതുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here