റിയാദ്: തൊഴില്‍-താമസ നിയമലംഘനത്തിന് പിടിയിലായി സൗദി ജയിലുകളില്‍ കഴിഞ്ഞിരുന്ന മലയാളികളടക്കമുള്ള 210 ഇന്ത്യന്‍ തടവുകാരെ നാട്ടിലെത്തിച്ചു. ദമ്മാമിലും റിയാദിലുമുള്ള നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഇടപെടല്‍ മൂലം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്.
ദമ്മാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 61 പേരും റിയാദില്‍ നിന്നുള്ള 149 പേരുമാണ് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയത്. സംഘത്തില്‍ 23 പേര്‍ മലയാളികളാണ്.
സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്.ഹൈദരാബാദിലെത്തിയ മലയാളികളെ 14 ദിവസം ക്വാറന്റൈനിനു ശേഷം നോര്‍ക്കയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കും.







































