റിയാദ്; കഫാല എന്നറിയപ്പെടുന്ന ഒരു വിദേശ തൊഴിലാളി സ്പോൺസർഷിപ്പ് സംവിധാനം റദ്ദാക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. പകരം വിദേശ തൊഴിലാളികളെ നിയന്ത്രിക്കുന്ന പുതിയ നിയമങ്ങൾ അടുത്ത ആഴ്ച്ച തന്നെ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസി തൊഴിലുടമയും ജീവനക്കാരും തമ്മിൽ ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ഭാഗമായിട്ടാണ് ഇങ്ങനൊരു തീരുമാനം.
2021 ന്റെ ആദ്യ പകുതി മുതൽ ഇത് ബാധകമാകുമെന്നാണ് റിപ്പോർട്ട്. മാറ്റങ്ങൾ ഈ വർഷം ആദ്യം വെളിപ്പെടുത്തേണ്ടതായിരുന്നുവെങ്കിലും പാൻഡെമിക് മൂലം കാലതാമസം നേരിട്ടതാനിന്നാണ് പറയുന്നത്.
ഗൾഫ് അറബ് രാജ്യങ്ങളിലെ വിദേശ ജോലിക്കാർക്ക് പതിറ്റാണ്ടുകളായി ബാധകമാകുന്ന “കഫാല” സമ്പ്രദായം സ്വദേശത്തും വിദേശത്തും ഇൻഡെൻറഡ് അടിമത്തത്തിന്റെ ഒരു രൂപമാണെന്ന് വിമർശിക്കപ്പെട്ടിരുന്നു.
നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളെ ഒരു സ്പോൺസറുമായി ബന്ധിപ്പിച്ചിരിക്കണം, അവർക്ക് ജോലി മാറ്റാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ അവധിക്കാലത്ത് രാജ്യം വിടാനോ അനുമതി ആവശ്യമാണ്. നിരവധി അയൽ രാജ്യങ്ങൾ കഫാല പൂർണ്ണമായും അവസാനിപ്പിക്കാതെ പരിഷ്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
സ്‌പോൺസർഷിപ്പ് സംവിധാനം അവസാനിപ്പിക്കുന്നതോടെ സൗദിയിൽ കഴിയുന്ന ഒരു കോടിയിലേറെയുള്ള പ്രവാസികൾക്കാണ് അതിന്റെ ഉപകാരം ഉണ്ടാവുക.








































