ദുബായ്: യുഎഇയുടെ അഭിമാന ചൊവ്വാ പേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു വിക്ഷേപണം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. യുഎഇ സമയം തിങ്കളാഴ്ച (20) പുലർച്ചെ 1.58നാണ് വിക്ഷേപണം. ഇതിനിടെ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ പ്രസിഡന്റുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. ദുബായ് അൽ ഖവാനീജിലെ കൺട്രോൾ റൂമിൽ നിന്ന് വിഡിയോ മീറ്റിങ്ങിലൂടെ യുഎഇ സ്പേസ് ഏജൻസിയുടെയും എംബിആർഎസ്‌സി സ്റ്റേഷനിന്റെയും 21എൻജിനീയർമാരുമായി കാര്യങ്ങൾ സംവദിച്ചു.
ഷെയ്ഖ് സായിദിന്റെ ജീവിതാഭിലാഷം പൂവണിയുന്നു
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവിതാഭിലാഷമായിരുന്നു ബഹിരാകാശ രംഗത്ത് യുഎഇയുടെ പ്രാതിനിധ്യം. 1976ൽ അദ്ദേഹം നാസാ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ സ്വപ്നം നിങ്ങൾ യാഥാർഥ്യമാക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുവ വിദഗ്ധരും എൻജിനീയർമാരും മികവ് നേടിയിരിക്കുന്നു. എല്ലാത്തിനും പിന്തുണ നൽകുന്ന നമ്മുടെ നേതാവ് മുഹമ്മദ് ബിൻ സായിദിനെ ഒാർത്ത് അഭിമാനിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജപ്പാനിലുള്ള യുഎഇ എന്‍ജിനീയർമാർക്ക് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇൗ ചരിത്രസംഭവത്തിന് പിന്നിലെ ശക്തി. ഒാരോ സ്വദേശിക്ക് വേണ്ടിയും ഞാനദ്ദേഹത്തിന് കൃതജ്ഞത അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അവസാനഘട്ട പരിശോധനയും പൂർത്തിയായി
ഇതിനിടെ പദ്ധതിയുടെ അവസാനഘട്ട സാങ്കേതിക പരിശോധനയും പൂർത്തിയായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നേരത്തെ രണ്ട് തവണ വിക്ഷേപണം മാറ്റിവച്ചുവെങ്കിലും ഇപ്രാവശ്യം സ്വപ്നം യാഥാർഥ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ഏപ്രിൽ മുതല്‍ ജപാനിൽ ഇതിനായുള്ള പ്രയത്നം നടത്തിവരികയായിരുന്നു.
അഭിമാനക്കുതിപ്പുമായി അൽ അമൽ
മിറ്റ്സുബിഷി H-IIA റോക്കറ്റിലാണ് അറബ് മേഖലയുടെ അഭിമാനക്കുതിപ്പ്. അൽ അമൽ (പ്രതീക്ഷ) എന്നു പേരിട്ട ദൗത്യത്തിന്റെ കൗണ്ട്ഡൗൺ അറബിക്കിൽ ആയിരിക്കും. വിക്ഷേപണം കഴിഞ്ഞാലുടൻ ദുബായിലെ ഗ്രൗണ്ട് സ്റ്റേഷൻ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. തുടർന്നുള്ള 30 ദിവസം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ (എംബിആർഎസ് സി) ശാസ്ത്രജ്ഞർ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും. ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിക്കുകയും ഭൂമിയുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുകയെന്ന സങ്കീർണ ഘട്ടമാണിത്. 200 സ്വദേശി യുവശാസ്ത്രജ്ഞർ 6 വർഷത്തിലേറെ പദ്ധതിക്കായി പ്രവർത്തിച്ചു. ഉപഗ്രഹത്തിന്റെ രൂപകൽപനയും മറ്റും പൂർണമായും നടത്തിയത് ഇവരായിരുന്നു.
ചൊവ്വാ ഭ്രമണപഥത്തിൽ എത്താൻ 7 മാസത്തിലേറെ വേണ്ടിവരുമെന്നു കണക്കാക്കുന്നു. അതായത് അടുത്തവർഷം ഫെബ്രുവരിയിൽ. യുഎഇ രൂപീകൃതമായതിന്റെ 50–ാം വർഷമാണ് 2021 എന്ന പ്രത്യേകതയുമുണ്ട്. അവസാനനിമിഷം അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളോ മറ്റോ ഉണ്ടായാൽ വിക്ഷേപണത്തിൽ മാറ്റമുണ്ടാകാമെന്ന് ലോഞ്ച് സൈറ്റ് ഡയറക്ടർ കീജി സുസുക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതുദിവസവും വിക്ഷേപിക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. സൈറ്റ്: www.emm.ae/live.







































