മസ്‌കറ്റ്: ഒമാനിലെ പ്രവാസി ജനസംഖ്യ ഈ വർഷം മാത്രം 55,000 ത്തിലധികം കുറഞ്ഞതായി റിപ്പോർട്ട്. ജനുവരി മുതൽ ജൂലൈ വരെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇത്. 2021 ജനുവരി 25 ലെ കണക്കുപ്രകാരം പ്രവാസികളുടെ എണ്ണം 1,745,714 ൽ നിന്ന് 1,690,146 ആയി കുറഞ്ഞു. ഈ കാലയളവിൽ ഒമാനിലെ ജനസംഖ്യ 34,228 വർദ്ധിച്ചു. 2,735,991 ൽ നിന്ന് 2,770,219 ആയി വർദ്ധിച്ചതായാണ് റിപ്പോർട്ട്.
കോവിഡിന്റെ വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സ്വകാര്യമേഖലയിലേക്ക് കൂടുതൽ ഒമാനികൾ ഒഴുകിയതും പ്രവാസി ജനസംഖ്യയിൽ ഇത്രയും കുത്തനെ ഇടിയാൻ കാരണമായി എന്നാണ് കണക്കാക്കുന്നത്.
ഒമാനിലെ മൂന്നിലൊന്ന് ജീവനക്കാർ സ്വകാര്യമേഖല കെട്ടിട നിർമ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. തൊഴിലില്ലായ്മ കൂടുതലുള്ള ഒമാനിൽ സ്വകാര്യ മേഖലകളിലേക്ക് സ്വദേശിവൽക്കരണം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഒമാൻ സർക്കാർ. ഇതേതുടർന്ന് കൂടുതൽ പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്.