അബുദാബി: വിസ്മയങ്ങളുടെ നഗരമായ അബുദാബിയിൽ ഒഴുകുന്ന സൗരോർജ പദ്ധതി യാഥാർഥ്യമായി. സായ നുറൈ ദ്വീപിലാണ് മധ്യപൂർവദേശത്തെ ആദ്യത്തെ ഒഴുകുന്ന സൗരോർജ പദ്ധതി സജ്ജമാക്കിയത്. ഓളപ്പരപ്പിന്റെ താളത്തിൽ കിടന്ന് സൗരോർജം ആഗിരണം ചെയ്ത് വൈദ്യുതിയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പ്രതലത്തിൽ പാനലുകൾ ഘടിപ്പിച്ചാണ് സൗരോർജം ഉൽപാദിപ്പിക്കുന്നത്. ഇങ്ങനെ 80 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുമെന്ന് പദ്ധതി സജ്ജമാക്കിയ എനർവേർ കമ്പനി വ്യക്തമാക്കി. പരീക്ഷണാർഥം സജ്ജമാക്കിയ ഒഴുകുന്ന സൗരോർജ പ്ലാന്റ് വിജയകരമാണെന്ന് കണ്ടാൽ ദുബായിലെ പാം ഐലൻഡുകളിലും സ്ഥാപിക്കാനും ആലോചനയുണ്ട്.
ഉയർന്നുപൊങ്ങുന്ന തിരമാലകളും തുരുമ്പു പിടിക്കാനുള്ള സാധ്യതകളും കണക്കിലെടുക്കുമ്പോൾ മരുഭൂമിയിലോ മേൽക്കൂരയ്ക്കു മുകളിലോ സ്ഥാപിക്കുന്ന സൗരോർജ പാനലുകളെക്കാൾ വെല്ലുവിളി നിറഞ്ഞതാണ് ഫ്ലോട്ടിങ് സൗരോർജ പദ്ധതിയെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്റ്റീഫൻ മക്സ്റ്റീൻ പറഞ്ഞു. പദ്ധതി വിജയകരമായാൽ ദ്വീപിന് ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനവും സൗരോർജത്തിലൂടെ ഉൽപാദിപ്പിക്കാനകുമെന്നും പറഞ്ഞു. സാദിയാത് ദ്വീപിൽനിന്നും 12 മിനിറ്റ് ദൂരം യാത്ര ചെയ്താൽ അത്യാഡംബര റിസോർട്ടുകളുള്ള സായ നുറൈ ദ്വീപിലെത്താം. മനോഹരമായ ബീച്ച്, നീന്തൽകുളം, ബാർ, റസ്റ്റന്റ്, സീ വ്യൂ വില്ലകൾ എന്നിവ അടങ്ങിയതാണ് ദ്വീപ്.








































