കോവിഡ് 19 ടെസ്റ്റിനായി ഇപ്പോള്‍ വ്യാപകമായി കൈക്കൊണ്ടു വരുന്ന നടപടി സ്രവ പരിശോധനയാണ്. തൊണ്ടയിലെയോ മൂക്കിലെയോ സ്രവം എടുത്ത് വൈറസ് ബാധ പരിശോധിക്കുക. എന്നാല്‍ ഇനി ഇത്രയൊന്നും കഷ്ടപ്പെടേണ്ടി വരില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ഇപ്പോള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് കവിള്‍ കൊണ്ട വെള്ളവും സ്രവത്തിനു ബദലായി കോവിഡ് പരിശോധനയ്ക്ക് സ്വീകരിക്കാമെന്നാണ്.
കോവിഡ് ടെസ്റ്റിന് കവിള്‍കൊണ്ട വെള്ളം; ഐ.സി.എം.ആര്‍ പറയുന്നത്
ശ്വാസകോശ സാമ്പിളുകള്‍ നേടുന്നതിനായി മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ എടുക്കുന്നത് വ്യാപകമായി അംഗീകരിക്കപ്പെടുന്നു. എന്നാല്‍ ഇതില്‍ ചില പോരായ്മകളുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ഐ.സി.എം.ആര്‍. കോവിഡ് 19 വൈറസ് ബാധ കണ്ടുപിടിക്കുന്നതിനുള്ള ഉചിതമായ ശ്വസന സാമ്പിളായി കവിള്‍ കൊണ്ട വെള്ളം ഗുണം ചെയ്യുമോ എന്നു വിലയിരുത്താന്‍ നടത്തിയ ഒരു പഠനം മികച്ച ഫലങ്ങള്‍ കണ്ടെത്തി.
കോവിഡ് 19 സ്ഥിരീകരിച്ച 50 രോഗികളില്‍ ന്യൂഡല്‍ഹിയിലെ എയിംസിലാണ് ഇതിനായി പഠനം നടത്തിയത്. സ്രവവും കവിള്‍കൊണ്ട വെള്ളവും പരിശോധനയ്ക്കായി എടുത്തു. പരിശോധനാ ഫലത്തില്‍ രോഗലക്ഷണങ്ങളും കാലാവധിയും കണക്കിലെടുക്കാതെ സ്രവവും വെള്ളവും ഒരുപോലെ പോസിറ്റീവ് ആയ റിസള്‍ട്ട് തന്നെ കാണിച്ചു. ഈ പഠനങ്ങളില്‍ നിങ്ങുള്ള നിഗമനത്തിലാണ് കവിള്‍കൊണ്ട വെള്ളം കോവിഡ് പരിശോധനയ്ക്കായി സ്രവത്തിനു പകരം സ്വീകരിക്കാമെന്ന സ്ഥിരീകരണത്തില്‍ എത്തിച്ചേര്‍ന്നത്
മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുന്നത് രോഗികളില്‍ ചുമ, തുമ്മല്‍ തുടങ്ങിയ അസ്വസ്ഥതകളിലേക്ക് നയിക്കാറുണ്ട്. ഇത് സ്രവം ശേഖരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭീഷണിയാണ്. എന്നാല്‍ കവിള്‍ കൊണ്ട വെള്ളം സാപിള്‍ പരിശോധനയ്ക്ക് എടുക്കുന്നതിലൂടെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. എയറോസോള്‍ മൂലമുണ്ടാകുന്ന വൈറസ് സംക്രമണ സാധ്യത കുറയ്ക്കുന്നതിനും ഈ രീതി ഫലപ്രദമാണ്. എന്നാല്‍ ചെറിയ കുട്ടികള്‍, വെള്ളം കവിള്‍കൊണ്ട് നല്‍കാന്‍ കഴിയാത്ത ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരില്‍ ഈ രീതി പ്രകാരം സാംപിളുകള്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
വളരെ നിര്‍ണായകമായ കണ്ടുപിടിത്തമാണിതെന്നാണ് ഐസിഎംആര്‍ പറയുന്നത്. കാരണം ഇതിലൂടെ രോഗിക്ക് പരിശോധനയ്ക്കായി സ്വയം സാമ്പിളുകള്‍ ശേഖരിക്കാവുന്നതാണ്. സ്രവ പരിശോധനയ്ക്കായി ഇനി ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കാതിരിക്കുകയും സ്രവ പരിശോധനയ്ക്കായുള്ള സംരക്ഷണ ഉപകരണങ്ങളുടെയും ആവശ്യകത കുറയ്ക്കാവുന്നതുമാണ്.
അതേസമയം കോവിഡ് 19 വൈറസിനെതിരായ വാക്‌സിന്‍ സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുകയാണ്. ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്തത് റഷ്യയുടെ സ്പൂട്‌നിക് – 5 വാക്‌സിന്‍ ആണെങ്കിലും വാക്‌സിന്‍ ഇന്ത്യയില്‍ ഇറക്കുന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. ഇന്ത്യയുടെ കോവിഡ് 19 പ്രതിരോധ വാക്‌സിനായ ‘കോവാക്‌സിന്‍’ പരീക്ഷണങ്ങളില്‍ ഏറെ ദൂരം മുന്നോട്ടു നീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അടുത്തിടെ നടന്ന ഒരു പ്രഖ്യാപനം പറയുന്നത് ചില വാക്‌സിനുകള്‍ക്ക് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കാമെന്നാണ്. ഇന്ത്യയില്‍ പ്രതിദിന രോഗികള്‍ എഴുപതിനായിരത്തിന് അടുത്തെത്തിയതോടെയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ ശുപാര്‍ശ ഉയര്‍ന്നത്.