gnn24x7

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

0
342
gnn24x7

മലയാളിക്ക് ഡ്രാഗണ്‍ ഫ്രൂട്ട് പരിചിതമായി കാലം അധികമൊന്നുമായിട്ടില്ല. പഴങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഒരു ഇളമുറത്തമ്പുരാനാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മാളുകളിലും വഴിവക്കിലുമായി ഈ അഴകാര്‍ന്ന പഴം വേനല്‍ക്കാലങ്ങളില്‍ നിങ്ങളെ നോക്കി ചിരിക്കുന്നത് കണ്ടിട്ടില്ലേ? പേരു പോലെ തന്നെ കാണാനും ആളൊരു ഡ്രാഗണാണ്. മുട്ടയുടെ ആകൃതിയും ചെതുമ്പല്‍ പോലുള്ള തൊലിയും മാംസളമായ ഉള്‍ഭാഗവും വ്യത്യസ്തമായൊരു നിറവുമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിലും ഒരു തറവാടിയാണ്.

ചെറിയ കറുത്ത വിത്തുകള്‍ പതിച്ച വെളുത്ത മാംസളമായ ഉള്‍ഭാഗമാണ് ഇതിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇത് അതിശയകരമായ ഒരു പഴം മാത്രമല്ല, ആരോഗ്യം നല്‍കുന്ന വസ്തു കൂടിയാണ്. ഇത് രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുകയും ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഒരിക്കല്‍ പോലും ഒരു ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാത്തവര്‍ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ മനസിലാക്കി അടുത്ത തവണ ഒന്ന് കഴിച്ചുനോക്കുക. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രയോജനങ്ങളെക്കുറിച്ചും അത് നിങ്ങള്‍ക്കു നല്‍കുന്ന പോഷകമൂല്യത്തെക്കുറിച്ചും അറിയാന്‍ ഈ ലേഖനം സഹായിക്കും.

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പോഷകമൂല്യം

150 ഗ്രാം മുതല്‍ 600 ഗ്രാം വരെ തൂക്കം വരും ഡ്രാഗണ്‍ ഫ്രൂട്ടിന്. പഴത്തിന്റെ 60% ഭക്ഷ്യയോഗ്യമാണ്, കൂടാതെ ധാരാളം പോഷകഗുണങ്ങളുമുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ധാതുക്കളും വിറ്റാമിനുകളും ഉള്‍പ്പെടെയുള്ള ഫൈബര്‍, ആന്റിഓക്‌സിഡന്റ് എന്നിവയും ഡ്രാഗണ്‍ ഫ്രൂട്ടില്‍ കൂടുതലാണ്. 100 ഗ്രാം ഡ്രാഗണ്‍ ഫ്രൂട്ടില്‍ നിന്ന് നിങ്ങള്‍ക്ക് ഇനി പറയുന്ന പോഷകങ്ങള്‍ ലഭിക്കും. കലോറി – 60 പ്രോട്ടീന്‍ – 2.0 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്‌സ് – 9.0 ഗ്രാം കൊഴുപ്പ് – 2.0 ഗ്രാം നാരുകള്‍ – 1.5 ഗ്രാം

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

ഡ്രാഗണ്‍ ഫ്രൂട്ടില്‍ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, കൂടാതെ രോഗ പ്രതിരോധശേഷിയുള്ള ആന്റിഓക്‌സിഡന്റുകളും ഇത് നല്‍കുന്നു. ഡ്രാഗണ്‍ ഫ്രൂട്ട് പതിവായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഇതാ.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

അരക്കെട്ടിലെ കൊഴുപ്പ് നീക്കാനും കലോറി കുറയ്ക്കാനും നിങ്ങള്‍ പരിശ്രമിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ചേര്‍ക്കുന്നത് ഗുണം ചെയ്യും. കൊഴുപ്പ് വേഗത്തില്‍ ഉരുക്കുന്ന സൂപ്പര്‍ഫുഡ് ഒന്നുമില്ലെങ്കിലും, ഡ്രാഗണ്‍ ഫ്രൂട്ടില്‍ കലോറി വളരെ കുറവാണ്. ഇത് നിങ്ങള്‍ക്ക് ലഘുഭക്ഷണമായി കഴിക്കാം. ഡ്രാഗണ്‍ ഫ്രൂട്ട് നിങ്ങളെ വയര്‍ നിറഞ്ഞതാക്കി നിലനിര്‍ത്തുകയും കൂടുതല്‍ നേരം വിശപ്പ് രഹിതമാക്കി നിര്‍ത്തുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും.

ഗര്‍ഭകാലത്ത് വിളര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കുന്നു

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ വിളര്‍ച്ച വരാനുള്ള സാധ്യത കൂടുതലാണ്. ഇരുമ്പിന്റെ കുറവ് മൂലമാണ് ഇത്. ഗര്‍ഭിണിയായ സ്ത്രീയില്‍ നടത്തിയ ഒരു പഠനത്തില്‍ എറിത്രോസൈറ്റിന്റെയും ഹീമോഗ്ലോബിന്റെയും അളവ് വര്‍ദ്ധിപ്പിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍, ഗര്‍ഭകാലത്ത് വിളര്‍ച്ചയ്ക്കുള്ള ഒരു ബദല്‍ ചികിത്സാ മാര്‍ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസ്. എന്നിരുന്നാലും, ഇതു പരീക്ഷിക്കുന്നതിനു മുന്നോടിയായി നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

വേദന സംഹാരി

സന്ധിവാതം പോലുള്ള അവസ്ഥകളാല്‍ വിട്ടുമാറാത്ത വേദന അനുഭവിക്കുകയാണെങ്കില്‍, നിങ്ങള്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. സന്ധികളിലെയും പേശികളിലെയും കടുത്ത വേദനയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഫലപ്രദമാണ്. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഉള്ളവര്‍ അവരുടെ ദൈനംദിന ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ സ്വാഭാവിക വേദനസംഹാരിയായി ഡ്രാഗണ്‍ ഫ്രൂട്ട് പ്രവര്‍ത്തിക്കും.

ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയാത്ത അത്ഭുതങ്ങള്‍ ഡ്രാഗണ്‍ ഫ്രൂട്ട് ചെയ്യും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് മുഖക്കുരു കുറയ്ക്കാനും വരണ്ട ചര്‍മ്മത്തെ ചികിത്സിക്കാനും നേര്‍ത്ത വരയും ചുളിവുകളും കുറയ്ക്കാനും പ്രായത്തിന്റെ പാടുകള്‍ ഇല്ലാതാക്കാനും സഹായിക്കും. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് അഴുക്ക് പുറന്തള്ളാനും സുഷിരങ്ങള്‍ വൃത്തിയാക്കാനും സഹായിക്കും. ഡ്രാഗണ്‍ ഫ്രൂട്ടിലെ വിറ്റാമിനുകളും ധാതുക്കളും കേടായ ചര്‍മ്മകോശങ്ങള്‍ നന്നാക്കാന്‍ സഹായിക്കും, ഇത് നിങ്ങള്‍ക്ക് കൂടുതല്‍ യുവത്വമുള്ള ചര്‍മ്മം നല്‍കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

ടൈപ്പ് 2 പ്രമേഹമുള്ളവരുടെ ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്താവുന്നതാണ്. കാരണം ഇത് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാന്‍ സഹായിക്കും. ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങളിലൊന്ന് ഭക്ഷണം കഴിച്ച ശേഷവും വിശപ്പ് അനുഭവപ്പെടുന്നത്. നേരത്തെ പറഞ്ഞതുപോലെ, ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് നിങ്ങളുടെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും വിശപ്പ് രഹിതമായി നില്‍ക്കാല്‍ സഹായിക്കുകയും ചെയ്യുന്നു.

കാന്‍സര്‍ പ്രതിരോധം

വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്, ഇത് മികച്ച ആന്റിഓക്‌സിഡന്റായും പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ സിയുടെ രോഗപ്രതിരോധ ശേഷി കാന്‍സറിനെ തടയാന്‍ സഹായിക്കും. ഡ്രാഗണ്‍ ഫ്രൂട്ടില്‍ കാണപ്പെടുന്ന ലൈക്കോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് ശരീരത്തിലെ കാന്‍സറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ കുറയ്ക്കാന്‍ സഹായിക്കുന്നു. ചില പഠനങ്ങള്‍ അനുസരിച്ച്, സ്തനാര്‍ബുദ ചികിത്സയിലും പ്രതിരോധത്തിലും ഡ്രാഗണ്‍ ഫ്രൂട്ട് സത്ത് പങ്ക് വഹിച്ചേക്കാമെന്നാണ്.

ദഹനത്തെ മെച്ചപ്പെടുത്തുന്നു

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഏറ്റവും വലിയ ആരോഗ്യഗുണങ്ങളിലൊന്ന് ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതണ്. ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ഫൈബര്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. നൂറു ഗ്രാം ഡ്രാഗണ്‍ ഫ്രൂട്ടില്‍ 2.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് ദൈനംദിന മൂല്യത്തിന്റെ 11% ആണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് ആവശ്യമായ ഫൈബര്‍ ലഭിക്കുകയും ഉദരാരോഗ്യം നേടാനാവുകയും ചെയ്യുന്നു. മലബന്ധം തടയാനും മറ്റ് ദഹന ആരോഗ്യ പ്രശ്‌നങ്ങള്‍ ചികിത്സിക്കാനും ഇത് ഫലപ്രദമാണ്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

വിരുദ്ധ ബാഹ്യാവിഷ്‌ക്കാരത്തിനും ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ക്കും പേരുകേട്ടതാണ് ഡ്രാഗണ്‍ ഫ്രൂട്ട്. അത് നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയെ പലതരം രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും. ഡ്രാഗണ്‍ ഫ്രൂട്ടില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിക്ക് ഉത്തേജനം നല്‍കുന്നു. ബാക്ടീരിയ, അണുക്കള്‍, ഫ്രീ റാഡിക്കലുകള്‍ തുടങ്ങിയ ആക്രമണകാരികള്‍ക്കെതിരെ പൊരുതാന്‍ നിങ്ങളുടെ ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഡ്രാഗണ്‍ ഫ്രൂട്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പഴത്തിന്റെ വിത്തുകള്‍ ശരീരത്തിന് ആവശ്യമായ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ നല്‍കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ധമനികളെ വൃത്തിയായി സൂക്ഷിക്കാനും രക്തത്തിന്റെ ഒഴുക്ക് കൃത്യമാക്കുകയും ചെയ്യുന്നു. മറ്റേതൊരു പഴത്തെയും പോലെ ഡ്രാഗണ്‍ ഫ്രൂട്ടും അസംസ്‌കൃതമായി കഴിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, നിങ്ങള്‍ക്ക് ഷെയ്ക്ക് ആക്കിയോ സ്മൂത്തി ആക്കിയോ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here