gnn24x7

ചൂടുകാലത്ത് വൃക്ക രോഗികൾക്ക് വേണം ഏറെ കരുതൽ

0
408
gnn24x7

പുറത്തെങ്ങും കനത്ത ചൂടാണ്. ചൂടുകാലം പൊതുവേ വൃക്കകള്‍ക്ക് അധ്വാനം കൂടുതലാണ്. വൃക്കള്‍ക്ക് നേരിടേണ്ടിവരുന്ന ചെറിയ തരത്തിലുള്ള ക്ഷീണം പോലും ശരീരത്തെ കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ ചൂടുകാലത്ത് വൃക്കകളുടെ ആരോഗ്യകാര്യത്തില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടതുണ്ട്.

വെള്ളം ധാരാളമായി കുടിച്ചാല്‍ ഒരു പരിധിവരെ പലവിധ രോഗങ്ങളില്‍ നിന്നും വൃക്കകളെ സംരക്ഷിക്കാം. ചൂടുകാലമായതിനാല്‍ ശരീരത്തിലെ ജലാംശം വളരെ വേഗത്തില്‍ നഷ്ടപ്പെടും. ശരീരത്തിലെ ജലത്തിന്റെ അളവ് സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തേണ്ടത് വൃക്കകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. വൃക്കകളെ പ്രധാനമായും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്‌നി സ്റ്റോൺ. ചൂടുകാലത്താണ് കിഡ്‌നി സ്റ്റോൺ വ്യാപകമായി കണ്ടുവരുന്നത്.

നാരങ്ങാവെള്ളം, സംഭാരം, രാമച്ചം, തുളസിയില, കരിങ്ങാലി തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളം എന്നിവ കുടിക്കുന്നത് വൃക്കകൾക്ക് നല്ലതാണ്. എന്നാല്‍ ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത് അധികമായാല്‍ വൃക്കകള്‍ക്ക് അത് അത്ര നല്ലതല്ല. അമിതമായ ഉപ്പിന്റെ ഉപയോഗം കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് വൃക്കകളുടെ ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, കോളകള്‍, ഓക്‌സലേറ്റ് അധികമുള്ള പാനിയങ്ങള്‍ തുടങ്ങിയവ വൃക്കകളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുപോലെതന്നെ ചൂടുകാലത്ത് പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പ്രോട്ടീന്‍ അധികമായാല്‍ യൂറിക് ആസിഡ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവ കിഡ്‌നി സ്‌റ്റോണ്‍ സാധ്യതയും വര്‍ധിപ്പിക്കും.

വൃക്ക രോഗമുള്ളവര്‍ ശീലമാക്കേണ്ട ചില ഭക്ഷണ സാധനങ്ങളെ പരിചയപ്പെടാം:

വൃക്ക രോഗികള്‍ മുട്ടയുടെ വെള്ള കഴിക്കുന്നത് നല്ലതാണ്. വൃക്കകള്‍ക്ക് ദോഷം വരാത്ത തരത്തിലുള്ള പ്രോട്ടീനുകളാണ് മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്നത്. വൃക്ക രോഗമുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് ചുവപ്പ് മുന്തിരി. വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ചുവപ്പു മുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കോളിഫ്‌ളവര്‍ വൃക്ക രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന പച്ചക്കറിയാണ്. വൃക്കരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഒരു പഴമാണ് പൈനാപ്പിള്‍. വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വൃക്ക രോഗികൾക്ക് നല്ലതാണ്. വിറ്റാമിന്‍ സിയും സള്‍ഫര്‍ സംയുക്തങ്ങളും വെളുത്തുള്ളിയില്‍ ഉണ്ട്. ഇവ വൃക്കളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here