gnn24x7

അയര്‍ലൻഡില്‍ സന്ദര്‍ശക വീസയില്‍ എത്തി നിന്നു തിരിച്ചു പോകാനാവാത്തവരുടെ ഡാറ്റാ ശേഖരിക്കുന്നു

0
585
gnn24x7

ഡബ്ലിന്‍: അയര്‍ലൻഡില്‍ ഇപ്പോള്‍ താമസിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഹ്രസ്വകാല സന്ദര്‍ശകര്‍, സീനിയര്‍ സിറ്റിസണ്‍സ്, ഹ്രസ്വകാല ജോബ് വീസയില്‍ എത്തിയിരിക്കുന്നവര്‍, സാമ്പത്തിക ക്ലേശം മൂലമോ ,ആരോഗ്യ പരമായ കാരണങ്ങളാലോ ഇന്ത്യയിലേയ്ക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന ഇന്റര്‍ നാഷണല്‍ സ്റ്റുഡന്‍സ്, രോഗാവസ്ഥയോ,മറ്റു കാരണങ്ങളോ മൂലം അടിയന്തരമായി ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യേണ്ടവര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പ്രയോറിറ്റി ലിസ്റ്റ് തയാറാക്കുന്നു.

കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്ന് യാത്രാ തടസങ്ങളും ലോക്ഡൗണ്‍ സാഹചര്യവും തുടര്‍ന്നേക്കാവുന്ന സാഹചര്യത്തിലാണ് പ്രത്യേക പരിഗണന നല്‍കി ഇന്ത്യയിലേയ്ക്ക് തിരിച്ചു കൊണ്ടുപോകേണ്ടവരുടെ ഒരു പ്രയോറിറ്റി ലിസ്റ്റ് , അയര്‍ലൻഡില്‍ പ്രവര്‍ത്തിക്കുന്ന ഏതാനം സംഘടനകളുടെയും, സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെയും അയര്‍ലൻഡിലെ ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെ രൂപപ്പെടുത്തുന്നത്.

സാമൂഹ്യ പ്രവര്‍ത്തകരും, ഐടി വിദഗ്ധരും അയര്‍ലൻഡിലെ നിരവധി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. അയര്‍ലൻഡിലെ ഡോക്ടര്‍മാരും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളും അടങ്ങുന്ന കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുകളുടെ സഹായവും ആവശ്യമെങ്കില്‍ ഇവര്‍ക്ക് ലഭ്യമാക്കാമെന്നും ഇന്ത്യന്‍ എംബസ്സി അറിയിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ നീക്കുന്ന മുറയ്ക്ക് കൊമേഴ്ഷ്യല്‍ ഫ്ളൈറ്റുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇപ്പോള്‍ രൂപീകരിക്കുന്ന മുന്‍ഗണനാ ലിസ്റ്റ് പരിഗണിയ്ക്കാന്‍ പ്രയോജനപ്പെട്ടേക്കും എന്നും എംബസി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്

ആരോഗ്യ പ്രശ്‌നങ്ങള്‍ നിലവിലുള്ള നൂറിലധികം സന്ദര്‍ശകരാണ് അയര്‍ലൻഡിലുള്ള മക്കളെയും ,കൊച്ചു മക്കളെയും സന്ദര്‍ശിക്കുന്നതിനായി മാത്രം ഇപ്പോള്‍ ഇവിടെയുള്ളത്.എച്ച്എസ്ഇ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന അപകടസാധ്യതയുള്ളവരാണ് ഇവരില്‍ 90 ശതമാനമെന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.

സ്വന്തമായി ജി പി ഇല്ലാത്തവരും,അയര്‍ലണ്ടിലെ ആരോഗ്യ സംവിധാനത്തില്‍ സൗജന്യമായ പ്രവേശനം ഇല്ലാത്തവരുമായ ഇവരില്‍ പലരുടെയും ഇന്‍ഷുറന്‍സ് കാലാവധിയും പരിമിതമാണ്.

അയര്‍ലൻഡിലെ ഇന്ത്യക്കാരില്‍ 50 ശതമാനത്തോളം പേര്‍ ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ടാണു ജോലി ചെയ്യുന്നത്. അതു കൊണ്ടു തന്നെ ഇവരോടൊപ്പം താമസിക്കുന്നവരും ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

ഒരു ആരോഗ്യ പ്രശ്നം ഉണ്ടായാല്‍ ജി പി യോ , ആരോഗ്യവകുപ്പോ ഇവരുടെ ചികിത്സയ്ക്ക് വേണ്ടത്ര പിന്തുണ നല്കുമെന്നതില്‍ യാതൊരു ഗാരണ്ടിയും ഇപ്പോള്‍ നല്‍കുന്നില്ല.ബെഡുകളുടെ എണ്ണം പൊതുവെ കുറവായതിനാലും, ഇറ്റലിയില്‍ സ്വീകരിച്ചത് പോലെയുള്ള മുന്‍ഗണനാ സംവിധാനങ്ങള്‍ സ്വീകരിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാലും ഇന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന പൗരന്മാര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാണ്.

നാട്ടില്‍ നിന്നുള്ള മരുന്നുകളുടെ , അതേ പ്രിസ്‌ക്രിപ്ഷനും, മരുന്നുകളും അയര്‍ലണ്ടില്‍ ലഭ്യമല്ലാത്തതിനാല്‍ ഇവരുടെ ആരോഗ്യസ്ഥിതി അയര്‍ലണ്ടില്‍ സുരക്ഷിതമല്ലെന്ന് ബന്ധുക്കളും,കുടുംബാംഗങ്ങളും കരുതുന്നു. നിലവിലുള്ള രോഗാവസ്ഥയ്‌ക്കൊപ്പം , കോവിഡ് 19 വൈറസിന്റെ പകര്‍ച്ചയ്ക്കുള്ള ഉയര്‍ന്ന സാധ്യതയും ഭയപ്പെടുത്തുന്നതാണ്.

മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും,ഇന്‍ഷുറന്‍സ് പോളിസി നീട്ടാനുള്ള ആവശ്യങ്ങള്‍ക്ക് മറുപടി പോലും നല്‍കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. പുതുക്കി കിട്ടിയാല്‍ തന്നെ പുതിയ ഇന്‍ഷുറന്‍സ് പ്രീമിയം വളരെ ഉയര്‍ന്ന നിരക്കില്‍ അടയ്ക്കേണ്ടിയും വന്നേക്കാം.

നിലവില്‍ മൂന്ന് മാസത്തെ വിസയുമായി അയര്‍ലണ്ടില്‍ വന്നിട്ടുള്ളവര്‍ക്ക് ,നേരത്തെ നിശ്ചയിച്ച ദിവസത്തില്‍ തന്നെ മടങ്ങിപോയാല്‍ ടിക്കറ്റ് ചാര്‍ജ് നഷ്ടപ്പെടില്ല.പക്ഷെ എപ്പോള്‍ മുതല്‍ വിമാനയാത്രകള്‍ പുനരാരംഭിക്കും എന്ന വിഷയത്തില്‍ ഇതേ വരെ തീരുമാനം എടുത്തിട്ടില്ലാത്തതിനാല്‍ ഇത് ഉറപ്പാക്കാനാവില്ല.അത് കൊണ്ട് തന്നെ പുതിയ ടിക്കറ്റ് എടുക്കാനോ, ടിക്കറ്റ് തിയതി മാറ്റിയെടുക്കാനോ ഇക്കൂട്ടര്‍ നിര്‍ബന്ധിതരായേക്കും.

ഇന്ത്യയില്‍ മെയ് മൂന്ന് വരെ ലോക്ഡൌണ്‍ നീട്ടിയിരിക്കുകയാണ്. ഇത് തുടരുകയില്ല എന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വിമാന കമ്പനികള്‍ക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ ആവില്ലെങ്കിലും സര്‍ക്കാരിന് മുന്‍ കൈ എടുത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താനാവും.

അത്തരമൊരു സാഹചര്യത്തിലോ, അഥവാ ലോക്ഡൗണിനു ശേഷമോ അയര്‍ലണ്ടില്‍ കുടുങ്ങിപ്പോയ ഹൈ റിസ്‌കിലുള്ള ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള പ്രയോറിറ്റി ലിസ്റ്റ് തയാറാക്കാനുള്ള കാമ്പയിനാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഇപ്പോള്‍ ഡാറ്റാ കളക്ഷനായി രൂപപ്പെടുത്തിയിയ്ക്കുന്ന ലിങ്കില്‍ ഇ മെയില്‍ വിലാസം ഒഴികെ മറ്റൊരു പേഴ്സണല്‍ വിവരങ്ങളും ശേഖരിക്കുന്നില്ല. ആരോഗ്യപരമായ അവസ്ഥയും ,സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ താത്പര്യപ്പെടുന്നെങ്കില്‍ മാത്രം മറ്റേതെങ്കിലും വ്യക്തിപരമായ വിവരങ്ങളും ഉള്‍പ്പെടുത്താനുള്ള കോളങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍വേയില്‍ പങ്കടുക്കുന്ന ഹൈ റിസ്‌ക്ക് കാറ്റഗറിയില്‍ പെട്ടവര്‍മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന ഏകദേശ ദിവസവും വ്യക്തിപരമായ വിവരങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഡാറ്റാ കളക്ഷനായുള്ള സര്‍വ്വേയില്‍ പങ്കെടുക്കാന്‍ താൽപര്യപ്പെടുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ പ്രവേശിച്ച് വിവരങ്ങള്‍ രേഖപ്പെടുത്താം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here