അയർലണ്ടിൽ വെള്ളിയാഴ്ച നടന്ന കൗണ്ടി കൗൺസിൽ ഇലക്ഷന്റെ ഫലം പുറത്തുവരുമ്പോൾ മലയാളികളായ പിതാവിനും മകനും ത്രസിപ്പിക്കുന്ന വിജയം!! താല സൗത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ശ്രീ. ബേബി പെരേപാടനെയും, താല സെൻട്രലിൽ നിന്ന് മത്സരിച്ച മകൻ ഡോ: ബ്രിട്ടോ പെരേപാടനെയും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ജനങ്ങൾ തെരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ തെരഞ്ഞടുപ്പുകളിൽ ജയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് പിതാവും മകനും ഒരുപോലെ ഒരു ഇലക്ഷനിൽ മത്സരിച്ച് ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്. അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും അഭിമാനാർഹമായ നേട്ടമാണ് ഇവർ കൈവരിച്ചത്.
ബേബി പെരേപാടൻ നിലവിലെ താല സൗത്ത് കൗൺസിലർ ആണ്. ഇത് രണ്ടാം തവണയാണ് തുടർച്ചയായി അതേ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. രാഷ്ട്രീയത്തിൽ പുതുമുഖവും താല ഗവർമെന്റ് ഹോസ്പിറ്റലിൽ ഡോക്ടറും, നല്ലൊരു ഗായകനും ആയ മകൻ ബ്രിട്ടോയുടെ വിജയവും ജനങ്ങൾ നൽകിയ വലിയ അംഗീകാരമാണ്. 25 വയസ്സുപോലും തികയാത്ത ഈ യുവാവിനെ താല സെൻട്രലിലെ ജനങ്ങൾ തെരെഞ്ഞെടുത്തത് ബ്രിട്ടോയുടെ കഴിവിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.
ഇവർ രണ്ടുപേരും ഭരണകക്ഷിയായ FineGael പാർട്ടിയുടെ സ്ഥാനാർത്ഥികളായാണ് ജനവിധി തേടിയത്.
താല സൗത്തിൽ നിന്നും ആകെ തെരഞ്ഞെടുക്കപെടുന്ന അഞ്ചുകൗൺസിലർമാരിൽ രണ്ടാമനായി ബേബി പെരേപാടൻ വിജയകൊടി നാട്ടിയപ്പോൾ, താല സെൻട്രലിൽ നിന്നും ആകെ തെരഞ്ഞെടുക്കപെടുന്ന ആറ് പേരിൽ മൂന്നാമൻ ആയാണ് മകൻ ബ്രിട്ടോ വെന്നികൊടി പാറിച്ചു വിജയ പീഠത്തിലേക്ക് കയറിയത്. ആദ്യ റൗണ്ട് വോട്ട് എണ്ണി തീർന്നപ്പോൾ തന്നെ ഇവർ രണ്ടുപേരും വ്യക്തമായ ഭൂരിപക്ഷത്തോടെ മുൻപിൽ എത്തിയിരുന്നു.
ഒരു ഡസനോളം മലയാളികൾ ഉൾപ്പെടെ ധാരാളം കുടിയേറ്റക്കാർ മാറ്റുരച്ച ഈ തവണത്തെ കൗണ്ടി കൗൺസിൽ ഇലക്ഷനിൽ കുടിയേറ്റക്കാർക്കെതിരെയുള്ള വികാരങ്ങളും സോഷ്യൽ മീഡിയയിലൂടെ ഉള്ള ആക്രമണങ്ങളും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ഈ പിതാവും മകനും താലായിൽ വിജയിച്ചത്.
ഇവരുടെ അഭിമാനാർഹമായ നേട്ടത്തിൽ FineGael പാർട്ടി ലീഡറും അയർലണ്ട് പ്രധാനമന്ത്രിയുമായ സൈമൺ ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
അങ്കമാലി, പുളിയനം സ്വദേശിയായ ശ്രീ ബേബി പെരേപ്പാടൻ ഇരുപതു വർഷത്തിലധികമായി താലായിൽ താമസിക്കുന്നു.ഭാര്യ Peamount ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്റ്റീഷനർ ആയി ജോലി ചെയ്യുന്നു. മകൾ ബ്രോണ ട്രിനിറ്റി കോളേജിൽ ഡെന്റൽ മെഡിസിൻ വിദ്യാർത്ഥിയാണ്.
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.
ഈ ഇലക്ഷനിൽ ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ ജനസമിതി വലിയതോതിൽ ഉയർന്നു.
തങ്ങളിൽ വിശ്വാസം അർപ്പിച്ച് വോട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും, ജനങ്ങൾക്കും ബേബി പരേപാടനും മകൻ ബ്രിട്ടോയും നന്ദി അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
                









































