gnn24x7

അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം മെയ് 10ന്

0
140
gnn24x7

ഡബ്ലിൻ: അയര്‍ലണ്ട്  സീറോ മലബാര്‍ സഭയുടെ ഈവർഷത്തെ  നാഷണൽ നോക്ക് തീർത്ഥാടനം  മെയ് 10  ശനിയാഴ്ച്ച നടക്കും.

പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ  റിപ്പബ്ലിക് ഓഫ്  അയര്‍ലണ്ടിലേയും നോർത്തേൺ  അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ ഒത്തുചേരും. അയർലണ്ടിലെ സീറോ മലബാർ സഭയുടെ 38 വി. കുർബാന സെൻ്ററുകളിലും  മരിയൻ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.  

2025 മെയ് 10  ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയിൽ ആരാധന . തുടർന്ന് ആഘോഷമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.   അയർലണ്ടിലെ മുഴുവൻ സീറോ മലബാർ വൈദീകരും തീർത്ഥാടനത്തിൽ പങ്കെടുക്കും. സീറോ മലബാർ സഭയുടെ യൂറോപ്പിലെ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമ്മികനായിരിക്കും.

കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും, ബൈബിൾ ക്വിസ്സ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയം നേടിയവരേയും അയർലണ്ടിലെ ലിവിങ് സെർട്ട് പരീക്ഷയിൽ  (A Level   -Northern Ireland)   2024 വർഷത്തിൽ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലണ്ടിലെ വലിയ കുടുംബങ്ങളേയും   ഈ തീർത്ഥാടനത്തിൽ വച്ച് ആദരിക്കും.  

1879 ഓഗസ്റ്റ് 21 നു വൈകുന്നേരം കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിലെ സ്നാപക യോഹന്നാൻ്റെ പേരിലുള്ള  ദേവാലയത്തിൻ്റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന്  പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു.. പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെൻ്റ് ജോസഫും, യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷ്യകൾ സാക്ഷ്യപ്പെടുത്തുന്നു. ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു.   ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു.  സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി. വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും, ഫ്രാൻസീസ് മാർപാപ്പായും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്. വി. മദർ തെരേസായും നോക്ക് സന്ദർശിച്ച് പ്രാർത്ഥിച്ചിരുന്നു.   വർഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീർത്ഥാടകർ നോക്ക് സന്ദർശിക്കാറുണ്ട്.

അയർലണ്ടിലെത്തുന്ന മലയാളികുടുംബങ്ങൾ പതിവായി നോക്ക് സന്ദർശിച്ചു പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ  10 മണിമുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ട്. തുടർന്ന് 12 മണിമുതൽ ആരാധനയും സീറോ മലബാർ വിശുദ്ധ കുർബാനയും നടന്നുവരുന്നു. സീറോ മലബാർ സഭയുടെ വൈദീകൻ ഈ തീർത്ഥാടനകേന്ദ്രത്തിൽ   സേവനം ചെയ്യുന്നുണ്ട്.

സീറോ മലബാര്‍ സഭ നാഷണല്‍  പാസ്റ്ററൽ കൗൺസിലിൻ്റെ   നേതൃത്വത്തില്‍  നോക്ക് മരിയൻ തീര്‍ഥാടനത്തിന്  വേണ്ട  ക്രമീകരണങ്ങൾ നടന്നുവരുന്നു.

നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ  പങ്കെടുക്കുവാൻ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7