gnn24x7

കോവിഡ് ഭീഷണിയിൽ അയര്‍ലണ്ട്! കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു

0
1217
gnn24x7

ഡബ്ലിന്‍: അയർലണ്ടിൽ കോവിഡിന്റെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുതിച്ചുയർന്ന പാശ്ചാത്തലത്തിൽ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. കോവിഡ് ബാധിച്ച ചികില്‍സ തേടുന്നവരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വന്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് സർക്കാർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം 23നും 29നും ഇടയില്‍ മാത്രം 419 പുതിയ കോവിഡ് കേസുകളാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 51% വര്‍ധനവാണിത്. കോവിഡ് കേസുകള്‍ ക്രമാതീതമായതിനെ തുടര്‍ന്ന് കില്‍കെന്നിയില്‍ സെന്റ് ലൂക്‌സ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ മാസം മൂന്നാം തീയതിവരെയുള്ള കണക്കനുസരിച്ച് 10 കോവിഡ് ബാധിതരാണ് ഐ സി യുവില്‍ കഴിയുന്നത്. കഴിഞ്ഞ മാസം ഒരാളെ മാത്രമേ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നുള്ളു. എന്നാൽ ആഗസ്റ്റ് ആദ്യ വാരത്തിൽ കോവിഡ് കേസുകൾ വൻതോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ആശുപത്രികളിൽ നിന്നും ലഭ്യമാവുന്ന വിവരങ്ങൾ. കൂടാതെ കോവിഡ് ബാധിതരേറുന്നത് ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും മറ്റ് ആരോഗ്യ പരിപാലന ക്രമീകരണങ്ങളിലും കോവിഡ് ഔട്ട് ബ്രേക്കുകള്‍ക്ക് കാരണമാകുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് അണുബാധ നിയന്ത്രണ നടപടികള്‍ അവലോകനം ചെയ്യണമെന്ന വിവിധ ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ക്ക് എച്ച് എസ് ഇ നിര്‍ദ്ദേശം നല്‍കി. നിരവധി ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുള്ളവര്‍ പ്രശ്‌നങ്ങള്‍ മാറിയാല്‍പ്പോലും 48 മണിക്കൂര്‍ വീട്ടില്‍ തന്നെ തുടരണമെന്ന മുന്നറിയിപ്പാണ് എച്ച പി എസ് സി നല്‍കുന്നത്. തുടര്‍ച്ചയായി കൈകള്‍ കഴുകണമെന്നും വായും മൂക്കും പൊത്തി ചുമയ്ക്കണമെന്നതുമടക്കമുള്ള മുന്‍കരുതലുകളും സ്വീകരിക്കണം.ജി പിയോ ഹെല്‍ത്ത് കെയര്‍ വര്‍ക്കറോ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് മാത്രമേ കോവിഡ് ടെസ്റ്റ് നടത്തുന്നുള്ളു. രോഗലക്ഷണങ്ങളുള്ളവര്‍ 48 മണിക്കൂര്‍ വീടുകളില്‍ തന്നെ കഴിയണം.ജോലിയില്‍ നിന്നും ഇന്‍ഡോര്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും വേണമെന്ന് എച്ച പി എസ് സിയും എച്ച് എസ് ഇയും ഓര്‍മ്മിപ്പിച്ചു. ഇതോടൊപ്പം കോവിഡ് ബൂസ്റ്റര്‍ ഡോസും സീസണല്‍ ഫ്‌ളൂ വാക്‌സിനും സൗജന്യമായി നല്‍കുന്നതിനും നടപടിയായിട്ടുണ്ട്. കോവിഡിന്റെ വര്‍ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഐറിഷ് കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്സ് (ഐസിജിപി) പറഞ്ഞു. ചുമ, ജലദോഷം ,തൊണ്ടവേദന ലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ തന്നെ തുടരണമെന്ന് എച്ച് പി എസ് സി പറഞ്ഞു. പനിയുണ്ടെങ്കില്‍ പാരസെറ്റമോള്‍ കഴിയ്ക്കണം. ശ്വാസതടസ്സം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളുള്ളവര്‍ ജിപിയുമായി ബന്ധപ്പെടണമെന്ന് ഐ സി ജിപി ഉപദേശിച്ചു. മെയ്, ജൂണ്‍ മാസങ്ങളില്‍ കോവിഡ് കേസുകളില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ അവസാനത്തോടെ അവ വീണ്ടും ഉയര്‍ന്നു തുടങ്ങിയെന്ന് എച്ച് എസ് ഇ സ്ഥിരീകരിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7