gnn24x7

ഐറിഷ് റസിഡന്‍സി പെര്‍മിറ്റ് ഇളവുകള്‍ ഈ മാസം അവസാനിക്കുമെങ്കിലും പെര്‍മിറ്റ് കാലഹരണപ്പെട്ടവര്‍ക്കും പുതിയത് കാത്തിരിക്കുന്നവര്‍ക്കും തുടരാൻ അനുമതി

0
345
gnn24x7

ഡബ്ലിന്‍: ഐറിഷ് റസിഡന്‍സി പെര്‍മിറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ കോവിഡാനന്തര ഇളവുകള്‍ ഈ മാസം 31ന് അവസാനിക്കുമെന്ന് നീതിന്യായ വകുപ്പ്. എന്നാൽ ഈ ഇളവിന്റെ അടിസ്ഥാനത്തില്‍ ഐറിഷ് റസിഡന്‍സ് പെര്‍മിറ്റ് കാലഹരണപ്പെട്ടവര്‍ക്കും പുതിയത് കാത്തിരിക്കുന്നവര്‍ക്കു രാജ്യത്ത് തുടരാനും താമസിക്കാനും ജോലി ചെയ്യാനും അര്‍ഹതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

2020 മാര്‍ച്ച് വരെ സാധുവായിരുന്ന റസിഡന്‍സി പെര്‍മിറ്റുകള്‍ കൈവശമുണ്ടായിരുന്നവര്‍ക്ക് പുതിയവ ലഭിച്ചില്ലെങ്കിലും 2022 മെയ് 31 വരെ തുടരാന്‍ നിയമപരമായി അനുവദിക്കുകയായിരുന്നു നേരത്തേ സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ ഈ കാലാവധി നീട്ടാന്‍ പദ്ധതിയില്ലെന്നാണ് വകുപ്പ് അറിയിച്ചത്. നിലവില്‍ അനുമതി പുതുക്കുന്നതിന് 10 ആഴ്ച വരെ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ അപേക്ഷകളുടെ ബാഹുല്യം മൂലം പുതിയ ഐ ആര്‍ പി കാര്‍ഡ് ലഭിക്കാന്‍ രണ്ടാഴ്ച കൂടി സമയം എടുത്തേക്കാം. ഇക്കാരണത്താല്‍ സാധുവായ ഐ ആര്‍ പി കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് 2022 മെയ് 31ന് ശേഷവും രാജ്യത്ത് തുടരാവുന്നതാണെന്ന് വകുപ്പ് വിശദീകരിച്ചു. എന്നാല്‍ ആവശ്യമായി വരുന്ന പക്ഷം രജിസ്ട്രേഷന്‍ പുതുക്കാന്‍ അപേക്ഷിച്ചതിന്റെ തെളിവ് ഹാജരാക്കേണ്ടതായി വരും.

എല്ലാ അപേക്ഷകളും ഓണ്‍ലൈനായാണ് പ്രോസസ് ചെയ്യുന്നത്. അപേക്ഷകര്‍ക്ക് രസീതും ഒ ആര്‍ ഇ ജി നമ്പറും ലഭിക്കും. ഈ ക്രമീകരണങ്ങള്‍ക്ക് പ്രകാരം തുടരുന്ന ജീവനക്കാര്‍ക്ക് ഈ അറിയിപ്പിനെ ആധികാരിക രേഖയായി തൊഴിലുടമയ്ക്ക് മുന്നില്‍ ഹാജരാക്കാവുന്നതാണ്. ജീവനക്കാര്‍ക്ക് പുതിയതോ പുതുക്കിയതോ ആയ എംപ്ലോയ്മെന്റ് പെര്‍മിറ്റ് ആവശ്യമുള്ള തൊഴിലുടമകള്‍ എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ബന്ധപ്പെട്ട വിഭാഗവുമായി ബന്ധപ്പെടണം.

രാജ്യത്ത് ജോലി ചെയ്യുന്ന ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ടില്‍ സാധുവായ ലാന്‍ഡിംഗ് സ്റ്റാമ്പ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഐഎല്‍ഇപി സ്‌കീമില്‍പ്പെടുത്തി സ്റ്റാമ്പ് 2 അനുമതിക്കായി രജിസ്റ്റര്‍ ചെയ്യുകയും വേണമെന്നും നീതിന്യായ വകുപ്പ് വാര്‍ത്താകുറിപ്പിൽ നിർദേശിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here