അയര്‍ലണ്ടിലെ ജൂവനൈല്‍ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ പൊതുസമൂഹം ‘അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് ‘!… പിള്ളേരല്ലേ അറിവില്ലാത്തവരല്ലേ എന്നൊക്കെ വെച്ച് നല്‍കുന്ന ഇളവുകള്‍ക്ക് നാളെ വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് എല്ലാമേഖലയില്‍ നിന്നുമുയരുന്നത്. അടിയന്തിരമായി നിയമഭേദഗതികള്‍ കൊണ്ടുവന്ന് ഈ കുറ്റവാളികളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ബഹുജന ഒപ്പുശേഖരണം ഓണ്‍ലൈനില്‍ പുരോഗമിക്കുകയാണ്.
അയര്‍ലണ്ടിലെ നഗരമേഖലകളില്‍,പ്രത്യേകിച്ചും ഡബ്ലിന്‍ നഗരത്തില്‍ പ്രതിദിനമെന്നോണം ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്കും ,ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനുമെതിരെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.കുട്ടി കുറ്റവാളികളെ കൊണ്ട് ഗാര്‍ഡ തന്നെ മടുത്തിരിക്കുകയാണ്. അടുത്തയിടെ ഡബ്ലിനിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള കടകളില്‍ വ്യാപകമായ കൈയ്യേറ്റം നടത്തിയ വാര്‍ത്തകള്‍ ഏറെ പ്രതിഷേധത്തോടെയാണ് ജനങ്ങള്‍ പ്രതീകരിച്ചത്.
ഇത്തരം അക്രമണങ്ങള്‍ക്ക് പിന്നിലുള്ള കുട്ടികുറ്റവാളികള്‍ യാതൊരു ശിക്ഷയുമര്‍ഹിക്കാതെ പോകുകയാണെന്നത് മാത്രമല്ല ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ അയര്‍ലണ്ടില്‍ വര്‍ദ്ധിക്കുകയാണെന്ന യാഥാര്‍ഥ്യവുമാണ് ഇവരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൂട്ടായ്മയ്ക്ക് പിന്നില്‍.
ഈ കുട്ടിക്കുറ്റവാളികളെ ശിക്ഷിക്കാന്‍ നിലവിലെ നിയമവ്യവസ്ഥകള്‍ പ്രകാരം സാധ്യമല്ല. കൗമാരക്കാരായ ക്രിമിനലുകള്‍ കത്തി, സ്‌ക്രൂ ഡ്രൈവര്‍, ചുറ്റിക തുടങ്ങിയ മാരകായുധങ്ങളുമായി ഡബ്ലിനിലും പ്രാന്തപ്രദേശങ്ങളിലും ഭീതി വിതയ്ക്കുന്ന കാഴ്ച ഗാര്‍ഡയ്ക്ക് നോക്കി നില്‍ക്കാനേ ആവുന്നുള്ളൂ. രക്ഷകര്‍ത്താക്കള്‍ പരാജയം സമ്മതിച്ച് ഒഴിവാകുന്ന കാഴ്ചയാണിവിടെ.ആരും ചോദിക്കാനില്ലാത്ത അരാജകാവസ്ഥ.ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഐറിഷ് നിയമം വളരെ ദുര്‍ബലമാണ്.
അതിനാല്‍ നിയമത്തിന്റെയും ജുഡീഷ്യറിയുടെയും ജുവനൈല്‍ പുനരധിവാസ സംവിധാനത്തിന്റെയും സമൂലമായ പരിഷ്‌കരണം അനിവാര്യമാണെന്ന് ജനകീയ കൂട്ടായ്മ ഓര്‍മ്മിപ്പിക്കുന്നു.ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഏതൊരു ചെറുപ്പക്കാരനും അതിന്റെ ഭവിഷ്യത്തും അറിയണം. ഗാര്‍ഡയുടെ ഇടപെടല്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയുമുണ്ട്.ഇത്തരത്തിലുള്ള നീക്കം ഇപ്പോള്‍ത്തന്നെ വളരെ വൈകിയിട്ടുണ്ട്. ഇനിയും അലംഭാവം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതമാണുണ്ടാവുകയെന്ന് ജനകീയ കൂട്ടായ്മ ഓര്‍മ്മപ്പെടുത്തുന്നു.
നിലവിലെ വ്യവസ്ഥയില്‍ ചെറുപ്പക്കാര്‍ക്ക് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഒരു ഭയവുമില്ല. സമൂഹത്തോടൊപ്പം നില്‍ക്കേണ്ടവര്‍, എല്ലാവരെയും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ടവര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേയ്ക്ക് പോകുന്നത് നിയമവ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും പരാജയം തന്നെയാണ്.
നമ്മുടെ ഭാവി തലമുറ ക്രിമിനല്‍ സംഘങ്ങളായി മാറുന്നത് തടയാന്‍ തീവ്രമായി പരിശ്രമം ആവശ്യമാണ്. ഇതില്‍ വിട്ടുവീഴ്ച ചെയ്യുന്നതിന് നമ്മള്‍ നമ്മളോടു ചെയ്യുന്ന പാപമാണ്.ഈ ജനകീയ മുന്നേറ്റത്തിലൂടെ സര്‍ക്കാരിനെയും വിവിധ വകുപ്പുകളേയും ഇക്കാര്യത്തില്‍ പ്രേരിപ്പിക്കുന്നതിനാണ് ഒപ്പുശേഖരണം നടക്കുന്നത്.
ശാന്തസുന്ദരമായ അയര്‍ലണ്ടിന്റെ ഭാവിയ്ക്കായി ഈ നന്മക്കൂട്ടായ്മയില്‍ അണിചേര്‍ന്ന് ഒപ്പ് വെയ്ക്കണമെന്ന് സംഘടകര്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങള്‍ക്കും അണി ചേരാം….നാളെ അയര്‍ലണ്ടിന്റെ തെരുവുകളില്‍ കുട്ടി കുറ്റവാളികളുടെ ആക്രമണത്തില്‍ നിന്നും നമ്മെ തന്നെ രക്ഷിക്കാന്‍ താഴെയുള്ള ലിങ്കില്‍ പ്രവേശിച്ച് സര്‍ക്കാരിനോട് നമ്മുക്ക് ആവശ്യപ്പെടാം