കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റ് വ്യാപനം അയർലണ്ടിൽ വളരെ ഉയർന്നതായി തുടരുന്നുവെന്ന് രാജ്യത്തെ ചീഫ് മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി. \
അയൽ രാജ്യങ്ങളിൽ ഒമൈക്രോൺ കേസുകൾ സ്ഥിരീകരിക്കുകയും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ വേരിയന്റിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതിന്റെ പച്ഛാത്തലത്തിൽ ഒമൈക്രോൺ വേരിയന്റിലും അയർലണ്ടിൽ അതിന്റെ വ്യാപനസാധ്യതയിലും വാരാന്ത്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ഒമൈക്രോൺ വേരിയന്റിന്റെ കേസുകളൊന്നും അയർലണ്ടിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഡെൽറ്റ വേരിയന്റ് അയർലണ്ടിൽ ആധിപത്യം തുടരുകയാണ്. 3,735 കോവിഡ് -19 കേസുകൾ ഞായറാഴ്ച സംസ്ഥാനത്ത് സ്ഥിരീകരിച്ചു. 566 പേരാണ് രോഗബാധിതരായി ആശുപത്രിയിലുള്ളത് എന്നാണ് ഇന്ന് രാവിലെവരെയുള്ള കണക്കുകൾ കാണിക്കുന്നത്.
നിലവിൽ സമൂഹത്തിൽ വ്യാപകമായ അണുബാധയുടെ തോതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വൈറസിന്റെ എല്ലാ വകഭേദങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണമെന്നും ഞായറാഴ്ച വൈകുന്നേരം ഡോ ടോണി ഹോലോഹൻ പറഞ്ഞു.







































