കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ വന്‍ നാശമാണ് വിതച്ചത്. ചുഴലിക്കാറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നത് പുനസ്ഥാപിക്കാന്‍ സൈന്യത്തെ അയക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപെട്ടിരുന്നു.
ഉടന്‍തന്നെ സൈനികരെ ബംഗാളിലേക്ക് അയക്കുന്നതിന് പ്രതിരോധ മന്ത്രാലയം തീരുമാനം എടുക്കുകയും ചെയ്തു കരസേനയുടെ അഞ്ച് കോളം സൈനികരാണ് കൊല്‍ക്കത്തയില്‍ എത്തിയത്.
പശ്ചിമ ബംഗാളിനെ സഹായിക്കാന്‍ 10 സംഘങ്ങളെ ക്കൂടി അയക്കുകയാണെന്ന് ദേശീയ ദുരന്ത നിവാരണ സേനയും വ്യക്തമാക്കി. നിലവില്‍ എന്‍ഡിആര്‍എഫിന്‍റെ 26 സംഘങ്ങളെ പശ്ചിമ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ട്.
കോവിഡ് ലോക്ക്ഡൌണിന്‍റെ സമ്മര്‍ദം നേരിടുന്ന പശ്ചിമ ബംഗാളിന് ഉം പുന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍
കൂടുതല്‍ സഹായം ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയവും ട്വീറ്റ് ചെയ്തു.
അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നത് പുനസ്ഥാപിക്കുന്നതിനായി റെയില്‍ വേയുടെയും തുറമുഖ അധികൃതരുടെയും സ്വകാര്യ മേഖലുടെയും സഹായം ബംഗാള്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 85 പേരാണ് മരിച്ചത്.
പശ്ചിമ ബംഗാളിന് അടിയന്തര സഹായമായി 1000 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.




































